സ്വന്തം അക്കൗണ്ടിലൂടെ 300 കോടിയുടെ ഇടപാട്; അമ്പരന്ന് ഓട്ടോ ഡ്രൈവര്‍

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന 300 കോടിരൂപയുടെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം സമർപ്പിക്കണം..’ ഇൗ സന്ദേശം വായിച്ചതോടെ പാതി ബോധം മറഞ്ഞ അവസ്ഥയിലാണ് ഇൗ ഒാട്ടോ റിക്ഷാ ഡ്രൈവർ‌. പാകിസ്താനിലെ കറാച്ചി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റഷീദാണ് താൻ പോലും അറിയാതെ കോടീശ്വരൻ ആയത്. തന്റെ അക്കൗണ്ടിലൂടെ കടന്നുപോയ 300 കോടിയെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് വിളിവന്നപ്പോഴാണ് ഇദ്ദേഹം  ഞെട്ടിയത്. 300 കോടിയുടെ പണമിടപാടില്‍ വിശദീകരണം വേണമെന്നായിരുന്നു ആവശ്യം.

പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് റഷീദിനോട് വിശദീകരണം തേടിയത്. ഭയന്നുപോയ റഷീദ് എഫ്‌ഐഎയുടെ ഓഫീസിലേക്ക് വിളിപ്പിച്ചയുടന്‍ എത്തി.തന്റെ ബാങ്ക് വഴി നടത്തിയ ഇടപാടിന്റെ രേഖകള്‍ എഫ്‌ഐഎ ഉദ്യോഗസ്ഥര്‍ കാണിച്ചതോടെ യുവാവ് അമ്പരന്നുപോയി. 2005 ല്‍ റഷീദ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. സാലറി അക്കൗണ്ട് വഴിയാണ് അവിടെ നിന്നും നല്‍കിയിരുന്നത്. പിന്നീട് ഈ ജോലി വേണ്ടെന്നു ഉപേക്ഷിച്ചിരുന്നു. പിന്നീട് ഇൗ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ല.  

ഒരു ലക്ഷം രൂപ താന്‍ ഒന്നിച്ച് കണ്ടിട്ടില്ലെന്നും റഷീദ് അധികൃതരോട് തുറന്നു പറഞ്ഞു. താനും കുടുംബവും കഴിയുന്നത് വാടക വീട്ടിലാണെന്നും അന്നത്തെ കൂലി കൊണ്ടാണ് ജീവിക്കുന്നതെന്നും റഷീദ് പറഞ്ഞു. ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തതാണെന്ന് അധികൃതർക്കും മനസിലായി.  ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചിയിലെ ഭക്ഷണ വിതരണക്കാരന്റെ അക്കൗണ്ടിലും 200 കോടി കണ്ടെത്തി. നിരന്തരം ഉപയോഗിക്കാത്ത സാധാരണക്കാരുടെ അക്കൗണ്ടിലുടെ വന്‍ തുകകള്‍ കൈമാറി ദുരുപയോഗം നടക്കുകയാണ്. ഇടപാടുകളില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നും പൊലീസ്  അന്വേഷിച്ചുവരികയാണ് .