അമേരിക്ക ഉയര്‍ത്തിയ വ്യാപാരയുദ്ധ ഭീഷണിയെ നേരിടാനൊരുങ്ങി ചൈന

അമേരിക്ക ഉയര്‍ത്തിയ വ്യാപാരയുദ്ധ ഭീഷണിയെ നേരിടാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി കരുതല്‍ധനമായി ബാങ്കുകള്‍ ശേഖരിച്ചുവച്ചിരിക്കുന്ന തുകയുടെ അളവ് കുറയ്ക്കാന്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന തീരുമാനിച്ചു. എഴുപത്തിയ്യായിരം കോടി യുവാന്‍ കൂടി സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുക്കാനാണ് നടപടി.

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തലത്തിലേക്കാണ് ചൈന അമേരിക്കാ വ്യാപാരയുദ്ധം നീങ്ങുന്നത്. ഇതുവഴി ഇരുരാജ്യങ്ങള്‍ക്കും കോട്ടങ്ങള്‍ മാത്രമാണ് സംഭിവിച്ചുകൊണ്ടിരിക്കുന്നത്. വന്‍ശക്തികളുടെ പോര് ആഗോളസമ്പത് വ്യവസ്ഥയുടെയും നടുവൊടിക്കുന്നു.. സമവായശ്രമങ്ങള്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ സമ്പത് വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ ചൈന പലവിധകാര്യങ്ങളാണ് ചെയ്യുന്നത്. അതിനെ തുടര്‍ന്നാണ് നാലം തവണയും ചൈനീസ് സെന്റ്രല്‍ ബാങ്ക് കരുതല്‍ ധനശേഖരത്തിന്റെ  അളവ് കുറയ്ക്കാന്‍ തീരുമാനിച്ചത്. 

ഈ മാസം 15നുള്ളില്‍ ബാങ്കുകളുടെ കരുതല്‍ ധനാനുപാതം ഒരു ശതമാനം കുറയ്ക്കും. നിലവില്‍ ചെറിയ ബാങ്കുകള്‍ 13.5 ശതമാനവും വലിയ  സ്ഥാപനങ്ങള്‍ 15.5 ശതമാനവുമാണ് കരുതല്‍ ധനമായി മാറ്റിവയ്ക്കേണ്ടത്. പുതിയ തീരുമാനത്തിലൂടെ എഴുപത്തയ്യായിരം കോടി യുവാന്‍ ക്യാഷായി രാജ്യത്ത് വിവിധ മേഖലകളില്‍ എത്തിച്ചേരും. ചെറുകിട വ്യവസായങ്ങളെയും ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുകയാണ് ബെയ്ജിങ് ഭരണകൂടത്തിന്റെ ലക്ഷ്യം. കഴിഞ്ഞമാസമാണ് ഇരുപതിനായിരം കോടി ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ അമേരിക്ക തീരുമാനമെടുത്തത്. നിലവില്‍ ഇത് ചൈനീസ് സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചില്ലെങ്കിലും  നടപടി തുടര്‍്ന്നാല്‍  ചൈനയ്ക്ക് തിരിച്ചടിയാവും.