കാണാതായ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടെന്ന് തുർക്കി; നിഷേധിച്ച് സൗദി

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ നിന്നു കാണാതായ സൗദി മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരിക്കാമെന്ന് തുർക്കി പൊലീസ്. എന്നാൽ മൃതദേഹം എവിടെയുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കൊലപാതകവാർത്ത നിഷേധിച്ച് സൗദി ഭരണകൂടം രംഗത്തെത്തി.

സൗദി ഭരണകൂടത്തിന്റെ വിമർശകനായ മാധ്യമപ്രവർത്തകൻ ജമാല്‍ ഖഷോഗ്ഗിയെ കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയാണ് കാണാതായത്. ഇസ്താബുളിലെ സൌദി കോൺസുലേറ്റ് പ്രവേശിച്ചശേഷം ഖഷോഗ്ഗിയെ കാണാതായെന്നാണ് റിപ്പോർട്ട്.  എന്നാൽ, ഖഷോഗ്ഗി കോൺസുലേറ്റ് കെട്ടിടം വിട്ടശേഷമാണ് കാണാതായതെന്ന് സൌദി ഭരണകൂടം വ്യക്തമാക്കിയിരുന്നു. 

സംഭവം വിവാദമായതോടെ സൗദി കോണ്‍സുലേറ്റ് പരിശോധിക്കാന്‍ തുര്‍ക്കിക്ക് അനുമതി നല്‍കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹം കോൺസുലേറ്റിൽ നിന്നും മാറ്റിയിരിക്കാമെന്നും തുർക്കി പൊലീസ് അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യക്തമാക്കി. 

അതേസമയം, കോണസുലേറ്റിനുള്ളിൽ വച്ചു കൊല്ലപ്പെട്ടിരിക്കാമെന്ന വാർത്ത നിഷേധിച്ച സൌദി, ലോകത്ത് എവിടെയായിരുന്നാലും സൗദി പൗരന്മാരുടെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും സംഭവത്തിലെ ദൂരൂഹത നീക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും  ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.