ഇന്ത്യയുമായുളള ബന്ധത്തിൽ പരസ്പര വിശ്വാസം നഷ്ടമായി; ഇമ്രാൻഖാൻ

ഇന്ത്യയുമായുള്ള ബന്ധത്തിൽ പരസ്പരവിശ്വാസം നഷ്ടപ്പെട്ടതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും സമാധാനപരമായ ബന്ധമാണ്  പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഒരു സൗദി ചാനലിനനുവദിച്ച അഭിമുഖത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കി. അതേസമയം, മേഖലയിൽ ചൈനയുടെ പിന്തുണ പാക്കിസ്ഥാന് ഏറെ സഹായകരമാണെന്നും ഇമ്രാൻ പറഞ്ഞു.

പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യസന്ദർശനത്തിനിടെയായിരുന്നു സൗദി ചാനലിന് ഇമ്രാൻ ഖാൻ അഭിമുഖം നൽകിയത്. മേഖലയിലെ ഭീകരതയെക്കുറിച്ചുള്ള ചോദ്യത്തിന്, പാക്കിസ്ഥാൻ ഭീകരതയുടെ ഇരയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അയൽ രാജ്യങ്ങളായ ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവരുമായി പരസ്പരവിശ്വാസത്തിൽ അധിഷ്ടിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, പരസ്പരവിശ്വാസം നിലവിൽ നഷ്ടമായിരിക്കുന്നു.

ഭീകരതയുടെ ഇരകളായി ആയിരക്കണക്കിന് പാക്കിസ്ഥാനികൾ കൊല്ലപ്പെടുന്നതായും വർഷം നൂറു ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നതായും ഇമ്രാൻ ഖാൻ വ്യക്തമാക്കി. കഴിഞ്ഞബുധനാഴ്ചയാണ് ഇമ്രാൻ ഖാൻ സൌദി സന്ദർശിച്ചത്. അഭിമുഖത്തിൻ്റെ പൂർണരൂപം ചാനൽ പുറത്തുവിട്ടതോടെയാണ് ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന ഇമ്രാൻ ഖാന്റെ പരാമർശം വെളിപ്പെടുന്നത്.