ഗർഭിണി കഴിച്ച സൂപ്പിൽ ചത്ത എലി; ഗർഭഛിദ്രത്തിനുളള പണം നൽകാമെന്ന് ഹോട്ടൽ; വിഡിയോ

ചൈനയിലെ പ്രശ്സതമായ സിയാബു സിയാബു റെസ്റ്റോറിന്‍റില്‍ നിന്ന് ഗർഭിണിയായ യുവതി കഴിച്ച സൂപ്പിൽ ചത്ത എലിയുടെ ജഡം. സെപ്തംബർ ആറാം തീയതി ഭർത്താവുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. പ്രതിഷേധം ‌ശക്തമായതോടെ യുവതിയെ അനുനയിപ്പിക്കാനുളള നീക്കവുമായി റെസ്റ്റോറന്റ് അധികൃതർ രംഗത്തു വന്നു. ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയുമെന്ന ചോദ്യത്തിന് ഗർഭഛിദ്രം നടത്തേണ്ടി വരികയാണെങ്കിൽ അതിനുളള ചെലവായ  20000 യുവാൻ നൽകാമെന്ന മറുപടിയാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും യുവതി പറയുന്നു. 

ചൈനയിലെങ്ങും സിയാബു സിയാബു റെസ്റ്റോറൻറിനെതിരെ പ്രതിഷേധം ഉയരുകയാണ്.  ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പിന്‍റെ ചിത്രം വൈറലായതോടെ പലരും റെസ്റ്റോറന്‍റിനെതിരെ അമര്‍ഷവും ദേഷ്യവും പ്രകടിപ്പിച്ചിരുന്നു. സിയാബു സിയാബു ഏറ്റവും ഇഷ്ടപ്പെട്ട ഹോട്ടലായിരുന്നുവെന്ന് ഈ ചിത്രം കണ്ടതോടെ ജീവിതത്തിൽ ഒരിക്കൽ പോലും ഇനി അവിടെ പോകില്ലെന്നും പലരും കുറിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി റെസ്റ്റോറൻറിൽ പരിശോധന നടത്തി. തുടർന്ന് റെസ്റ്റോറന്റ് താത്കാലികമായി പൂട്ടി. 

ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നറിയാൻ പരിശോധന നടത്തിയതായി യുവതിയുടെ ഭർത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എല്ലായ്പ്പോഴും ഉത്തരവാദിത്വത്തോടെയാണ് പെരുമാറാറെന്നും, അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിലൂടെ റെസ്റ്റോറന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. 759 റെസ്റ്റോറന്‍റുകളാണ് ചൈനയിലുടനീളം  സിയാബു സിയാബുവിനുള്ളത്