ദയവായി കണ്ണുകൾ തുറക്കൂ; നോവായി നവാസ് ഷെരീഫ് ഭാര്യയോട് യാത്ര ചോദിക്കുന്ന വിഡിയോ

ഇന്നലെയായിരുന്നു പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുൽസും(68) അന്തരിച്ചത്. അർബുദബാധയെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മധുരമുളളതായിരുന്നു നവാസ് ഷെരിഫിന്റെയും ഭാര്യ ബീഗം കുൽസുവിന്റെയും ദാമ്പത്യം. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കാൻ ലണ്ടനിൽ നിന്നും പാക്കിസ്ഥാനിലേയ്ക്ക് തിരിക്കുന്നതിനു തൊട്ടു മുൻമ്പ് ഭാര്യ ഖുൽസൂമിനോട് യാത്ര ചോദിക്കുന്ന നവാസ് ഷെരിഫീന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 

അർബുധ ബാധിതയായ ഭാര്യ ആശുപത്രിക്കിടക്കയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുമ്പോഴാണ് നവാസ് ഷെരീഫിന് പാക്കിസ്ഥാനിലേയ്ക്ക് പോകേണ്ടി വന്നത്. അതീതീവ്രവേദയനയോടെ രോഗശയ്യയിലായിരുന്ന ഖുൽസൂമിനോട് ഉർദുവിൽ നവാസ് ഷെരീഫ് സംസാരിക്കുന്ന വിഡിയോ കണ്ണീർ നനവുളളതാണ്. ആ അവസ്ഥയിൽ ഖുൽസുവിനെ തനിച്ചാക്കി പോകുന്നത് തനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും തീവ്രവേദനയ്ക്കിടയിലും ഖുൽസും തന്നെ കണ്ണ് തുറന്ന് നോക്കിയെന്നും നവാസ് പിന്നീട് പറഞ്ഞിരുന്നു. 

അതിയായ വേദനയോടെയാണ് ഞാൻ മടങ്ങിയത്. എന്നാൽ ദൈവം ഖുൽസൂമിനെ സംരക്ഷിക്കുമെന്ന് അതിയായ വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും നവാസ് പറഞ്ഞു. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വച്ച് ജൂലൈ 12 നാണ് ഈ വിഡിയോ  ചിത്രീകരിച്ചത്.

നവാസ് ഷെരീഫിന്റ ഭാര്യ എന്നതിനെക്കാൾ കൃത്യമായ നിലപാടുകളും രാഷ്ട്രീയ ബോധവും ഖുൽസും പ്രകടിപ്പിച്ചിരുന്നു. അഴിമതിക്കേസിൽ പ്രതിയായതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഷെരീഫിന് രാജിവെക്കേണ്ടിവന്നപ്പോൾ അദ്ദേഹത്തിന്റെ മണ്ഡലമായ ലഹോറിൽ ജനവിധി തേടിയ കുൽസൂം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, പ്രചാരണവേളയിൽ ചികിത്സയ്ക്കായി ലണ്ടനിലേക്കുപോയ അവർക്ക് രാജ്യത്ത്‌ തിരിച്ചെത്തി എം.പി.യായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999-ൽ പട്ടാള അട്ടിമറിയെത്തുടർന്ന് നവാസ് ഷെരീഫിനെ നാടുകടത്തിയപ്പോൾ പി.എം.എൽ.-എൻ. പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. 2002-വരെ പാർട്ടി അധ്യക്ഷപദവിയിലിരുന്നു. 

പട്ടാള ഭരണത്തിനെതിരെ ഉറച്ച ശബദമായിരുന്നു പാക്കിസ്ഥാനിൽ ഖുൽസും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം മുതല്‍ ഖുല്‍സൂം ലണ്ടനില്‍ ചികിത്സയിലായിരുന്നു. 2017-ലാണ് തൊണ്ടയിലെ അർബുദബാധ സ്ഥിരീകരിച്ചത്. മൃതദേഹം പാകിസ്താനിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനമെന്ന് ജിയോ ടി.വി. റിപ്പോർട്ട് ചെയ്തു.