സാഹിത്യ നൊബേൽ നേടിയ വി.എസ്.നയ്പാൾ അന്തരിച്ചു

സാഹിത്യകാരനും നൊബേല്‍ പുരസ്കാര ജേതാവുമായ വി.എസ് നയ്പോള്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. നോബേലിന് പുറമേ ബുക്കര്‍ പുരസ്കാര ജേതാവുകൂടിയാണ് ഇന്ത്യന്‍ വംശജനായ നയ്പോള്‍. 

വിദ്യാധർ സൂരജ്‌പ്രസാദ് നയ്‌പോള്‍ എന്ന വിഎസ് നയ്പോളിന്‍റെ കുടുംബവേരുകള്‍ ഉത്തര്‍പ്രദേശിലാണെങ്കിലും ജനനം കരീബിയൻ ദ്വീപായ ട്രിനിഡാഡിൽ ആയിരുന്നു. ജീവിതത്തിന്റെ, എഴുത്തിന്‍റെ നല്ലൊരുകാലയളവും ഒപ്പം നിന്ന നഗരം ലണ്ടനും.  ആറരപതിറ്റാണ്ടോളം നീണ്ട സാഹിത്യ സപര്യക്കിടയിൽ പിറന്നത് ഇരുപത്തിയഞ്ചോളം കൃതികള്‍. തീക്ഷ്‌ണവികാരങ്ങള്‍ നിറഞ്ഞ കൊച്ചുകൊച്ചു വാക്യങ്ങളായിരുന്നു നയ്പോള്‍ രചനകളുടെ സവിശേഷത. 

എ ഹൗസ് ഫോർ മിസ്‌റ്റർ ബിശ്വാസ്, ദ് റിട്ടേൺ ഓഫ് ഈവ പെരോൺ, ഇൻ എ ഫ്രീ സ്‌റ്റേറ്റ്, എ ബെൻഡ് ഇൻ ദ് റിവർ, ഇന്ത്യ വൂണ്ടഡ് സിവിലിസേഷൻ തുടങ്ങി വായനക്കാരെ  മോഹനിദ്രയിലാക്കുകയും അസ്വസ്ഥമാക്കുകയും ചെയ്ത സ‍ൃഷ്ടികള്‍ പലകുറി ലോകനെറുകയില്‍ അംഗീകരിക്കപ്പെട്ടു. 2001ലായിരുന്നു നൊബേല്‍ പുരസ്കാരം. തുറന്നെഴുത്തിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും വിവാദങ്ങളേയും ഒപ്പംനടത്തി നയ്പോള്‍. 

വികസ്വര രാജ്യമായ ഇന്ത്യക്കെതിരെയും കരീബിയൻ രാജ്യങ്ങൾക്കെതിരെയും നടത്തിയിട്ടുള്ള ക്രൂരമായ അഭിപ്രായപ്രകടനങ്ങൾ അദ്ദേഹത്തെ പലപ്പോഴും കോടതി കയറ്റി. 2010 തുര്‍ക്കി സാഹിത്യസമ്മേളനത്തിനിടെ മൗലികവാദികളുടെ  കയ്യേറ്റത്തിനും അദ്ദേഹം ഇരയായി. അര നൂറ്റാണ്ടാലേറെയായി ബ്രിട്ടനിൽ കഴിയുകയായിരുന്നു നയ്പോള്‍