ഗുഹയില്‍ ജീവന്‍ വെടിഞ്ഞവന് അമരത്വം വേണം; തായ് കുട്ടികള്‍ ബുദ്ധസന്യാസികളായി

മഞ്ഞും മഴയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ കാവി വസ്ത്രമണിഞ്ഞ് അവരെത്തി. തങ്ങൾക്കു വേണ്ടി ജീവൻ വെടിഞ്ഞവനെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ബുദ്ധസന്യാസികളായി. കുന്നിന്‍ മുകളിലെ ആശ്രമത്തിലിരുന്ന് പ്രാർത്ഥനാ മന്ത്രങ്ങൾ ജപിച്ച് അവർ അവനെ ഓർത്തു. 

തായ് ഗുഹയിൽ നിന്നും രക്ഷപെട്ടെത്തിയ 11 കുട്ടികളും കോച്ചും ഒദ്യോഗികമായി ബുദ്ധസന്യാസികളായി. ബുദ്ധമത വിശ്വാസിയല്ലാത്തതിനാൽ രക്ഷപെട്ടവരിൽ ഒരു കുട്ടി മാത്രം സന്യാസം സ്വീകരിച്ചില്ല. ‍കുട്ടികൾ സന്യാസം സ്വീകരിച്ചാൽ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച നാവികേനാ മുന്‍ ഉദ്യോഗസ്ഥന്‍ സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. അവസാന ശ്വാസവും തങ്ങൾക്കേകി മരണത്തിലേക്ക് മറഞ്ഞവന് അമരത്വം നൽകാൻ അങ്ങനെ അവർ ബുദ്ധഭിക്ഷുക്കളായി. 

സന്യാസം സ്വീകരിക്കുന്നതിന് ഒരു ദിവസം മുൻപേ എല്ലാവരും തല മൊട്ടയടിച്ചു, വസ്ത്രങ്ങൾ ധരിക്കുന്നതിന് ഓരോരുത്തരും പരസ്പരം സഹായിച്ചു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഇവര്‍ സന്യാസം സ്വീകരിച്ചത്. 

ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമല്ല. ലൗകിക ജീവിതത്തിലേക്കു മടങ്ങിവരാൻ മതവിശ്വാസപ്രകാരം ഇവർക്ക് അനുവാദമുണ്ട്. കോച്ച് ഏകാപോള്‍ മുന്‍പ് സന്യാസിയായിരുന്നെങ്കിലും പ്രായമായ മുത്തശ്ശിയെ നോക്കാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഗുഹയിൽ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഓക്സിജൻ കിട്ടാതെ സമൻ കുനാൻ മരിച്ചത്. ഗുഹയിലേക്ക് എയർ ടാങ്കുകൾ എത്തിക്കുക എന്ന ദൗത്യമായിരുന്നു അദ്ദേഹത്തിന്. രക്ഷപെട്ട് ആശുപത്രിയിലെത്തിയതിനു ശേഷമാണ് സമൻ മരിച്ച വാർത്ത കുട്ടികളെ അറിയിച്ചത്.