സൈന്യം ആഗ്രഹിച്ച തിരഞ്ഞെടുപ്പുഫലം; ഇമ്രാന്‍ ഖാന്‍ ഭരിച്ചിട്ടും കാര്യമില്ല: ശശി തരൂർ

ഇമ്രാന്‍ ഖാന്‍ അല്ല ആരു ഭരിച്ചാലും പാക്കിസ്ഥാനില്‍ അധികാരം കയ്യാളുക സൈന്യം തന്നെയായിരിക്കുമെന്ന് ഡോ. ശശി തരൂര്‍ എം.പി.  ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുന്നതുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. സൈന്യം ആഗ്രഹിച്ച തിരഞ്ഞെടുപ്പുഫലം തന്നെയാണ് പാക്കിസ്ഥാനില്‍ ഉണ്ടായതെന്നും ശശി തരൂര്‍ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കശ്മീര്‍ ഉള്‍പ്പടെയുള്ള വിവാദവിഷയത്തില്‍ പാക്ക് സൈന്യത്തിന്റെ നിലപാട് തന്നെയായിരിക്കും പുതിയ സര്‍ക്കാരിനും. ഇന്ത്യയ്ക്കെതിരായ കടുത്തനിലപാട് മയപ്പെടുത്താന്‍ സൈന്യം തയ്യറാകുമോയെന്നാണ് കണ്ടറിയേണ്ടത്. കൂട്ടുകക്ഷി ഭരണത്തില്‍ അധികാരത്തില്‍വന്ന ഇമ്രാന്‍ ഖാന് സുസ്ഥിരഭരണം ഉറപ്പാക്കാന്‍ സൈന്യത്തിന്റെ പിന്തുണ ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. 

ഉഭയകക്ഷി ബന്ധത്തില്‍ മുന്‍ഗാമികളെക്കാള്‍ മികവ് പുലര്‍ത്താന്‍ നവാസ് ഷെരീഫിന് സാധിച്ചെങ്കിലും സൈന്യത്തിന്റെ സ്വാധീനം കാര്യങ്ങള്‍ തകിടംമറിച്ചു. നരേന്ദ്രമോദിയുടെ പാക്ക് സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ പഠാന്‍ക്കോട്ട് ഭീകരാക്രമണം ഇതിന് ഉദാഹരണമാണ്. 

കലുഷിതമായ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കുകയായിരിക്കും പുതിയ സര്‍ക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളിയെന്നും ശശി തരൂര്‍ വ്യക്തമാക്കി.