ഗുഹയില്‍ വിശന്നിരുന്ന കുട്ടികള്‍ക്ക് നിറവിഭവമൊരുക്കി ഇവര്‍: പ്ലേറ്റുനിറയെ സ്നേഹം

അവര്‍ ഗുഹയുടെ പുറത്തെത്താന്‍ ലോകം കാത്തിരുന്നത് പോലെ, അവര്‍ക്ക് സ്നേഹവിരുന്നൊരുക്കാന്‍ മല്‍സരമാണ് തായ്​ലാന്‍ഡിലെ വന്‍കിട ഭക്ഷണശാലകള്‍ തമ്മില്‍. ചിയാങ് റായിലെ ഇരുട്ടുഗുഹയിൽ പതിനേഴുദിവസം വിശന്നുവലഞ്ഞു കഴിഞ്ഞതിന്റെ സങ്കടം തീർക്കാൻ തായ് ബാലന്മാര്‍ക്ക് പരിശീലകനും വിരുന്നൊരുക്കാനുള്ള തിരക്കിലാണ് ഇവര്‍. 

ഇന്നത്തെ വിരുന്നു തായ്‌ലൻഡിലെ പ്രശസ്ത റസ്റ്ററന്റ് മാ ലോങ് ദേറിന്റെ വകയാണ്. ഒരു മുട്ട വിഭവമാണു മെനുവിലെ താരം. കായ് കൗ ലോങ്ദേർ എന്നു പേര്. ഒരു തരം എഗ് റോൾ. കോഴിമുട്ടയും പോർക്കും തുളസിപോലുള്ള ഇലയും സുഗന്ധദ്രവ്യങ്ങളും ചേർത്താണു തയാറാക്കുന്നത്. ഒപ്പം കഴിക്കാൻ പച്ചക്കറിയും തക്കാളി സോസും. ഇതു തയാറാക്കി ആശുപത്രിയിലേക്ക് അയച്ചുകൊടുക്കുന്നതു റസ്റ്ററന്റ് ഉടമ കൂടിയായ പ്രശസ്ത ഷെഫ് റത്തനസുദ എന്ന നാനയാണ്. 

പന്ത്രണ്ടു കുട്ടികൾക്കും ഏക്കിനും കൂടി പതിമൂന്നു പ്ലേറ്റിനു പകരം എത്തിച്ചുകൊടുക്കുന്നത് 20 പ്ലേറ്റ്. രക്ഷാപ്രവർത്തനം നടന്ന നാളുകളിലും നാന ഭക്ഷണമുണ്ടാക്കി കൊടുക്കുന്നുണ്ടായിരുന്നു. തായ് രാജാവിന്റെ പാചകക്കാരും ഗുഹാമുഖത്ത് അടുക്കള കെട്ടി ആഹാരം തയാറാക്കിയിരുന്നു.

ഇതിനിടെ, ലണ്ടനിൽ സെപ്റ്റംബർ 24ന്, മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലേക്കു തായ് ബാലന്മാരെ ഫിഫ അധികൃതർ ക്ഷണിച്ചു കഴിഞ്ഞു. മോസ്കോയിൽ ലോകകപ്പ് ഫൈനലിന് എത്താനാകില്ലെന്ന് അറിയിച്ചപ്പോഴാണു പുതിയ ക്ഷണം.