എലിസബത്ത് രാജ്ഞിക്ക് മുന്നിലൂടെ നടന്ന് ട്രംപ്; ലോകത്തെ ചിരിപ്പിച്ച് ട്രംപിന്റെ വിഡിയോ

ഏതു രാജ്യത്തെ തലവനാണെങ്കിലും ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിക്ക് മുന്നിലൂടെ നടക്കാൻ ഒന്ന് മടിക്കും. പക്ഷേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതൊന്നും വിഷയമല്ല. നാലു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടണിലെത്തിയ ട്രംപിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിന്‍ഡ്സര്‍ കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന ട്രംപ് രാജ്ഞിക്ക് മുമ്പില്‍ നടക്കുന്നതും, ഇരു വശങ്ങളിലൂടെ മുന്നോട്ട് വരാന്‍ ശ്രമിക്കുന്ന രാജ്ഞിയെയും വിഡിയോയില്‍ കാണാം.

എന്നാൽ അബദ്ധം മനസിലാക്കിയ ട്രംപ് അൽപസമയത്തിനു ശേഷം നടത്തം നിർത്തി രാജ്ഞി തനിക്കൊപ്പം എത്തുന്നതിനായി കാത്തുനിന്നു. രാജകുടുംബത്തിന്റെ ആചാരമര്യാദകൾ ലംഘിച്ച ട്രംപിനെ വിമർശിച്ചും കളിയാക്കിയും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

യുഎസ് പ്രസിഡന്റായതിനുശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ബ്രിട്ടനിലെ ആദ്യ സന്ദര്‍ശനത്തില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യകൂടിക്കാഴ്ചയിൽ രാജ്ഞിക്ക് മുന്നിൽ തലകുനിച്ചു നിൽക്കേണ്ടതിന് പകരം ഹസ്തദാനം നൽകിയതിന്റെ പേരിലും ട്രംപിനെയും മെലാനിയ ട്രംപിനെയും ബ്രിട്ടൺ മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്.