ബാലലൈംഗിക പീഡനം മറച്ചുവച്ചു; ആര്‍ച്ച് ബിഷപ് ഫിലിപ് വില്‍സണ് തടവ്

ലൈംഗികകുറ്റകൃത്യം മറച്ചുവച്ചതിന് കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ്  ഫിലിപ് വില്‍സന് ആസ്ട്രേലിയന്‍ കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചു.  കത്തോലിക്ക സഭയില്‍   ക്രിമിനല്‍ കുറ്റത്തിന് ജയിലിലാവുന്ന  ഏറ്റവും മുതിര്‍ന്ന പുരോഹിതനാണ് ആര്‍ച്ച് ബിഷപ് ഫിലിപ് വില്‍സണ്‍.  വൈദികന്‍റെ ബാലലൈംഗിക പീഡനം അറിഞ്ഞിട്ടും മറച്ചുവച്ചു എന്ന കുറ്റത്തിനാണ് ആര്‍ച്ച് ബിഷപ്പിന് തടവറ വിധിച്ചത്. കുമ്പസാര രഹസ്യത്തില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പൊലീസില്‍ അറിയിക്കണം എന്നതിന് നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് ആസ്ട്രേലിയ.

 "I am very pleased that we've got a conviction. Yet again, I think we have made history here in Australia. പീറ്റര്‍ ഗൊഗാര്‍ത്തിയുടെ നിയമപോരാട്ടം ചരിത്രംകുറിക്കുന്നതു തന്നെയാണ്.  ലോകത്തില്‍ ഏറ്റവും കരുത്തുറ്റ ക്രിസ്തീയസഭയിലെ ഒരു മുതിര്‍ന്ന പുരോഹിതനെ ഒരു കത്തോലിക്ക ഭൂരിപക്ഷ രാജ്യത്ത് ജയിലിടക്കാന്‍ ആ പോരാട്ടത്തിനായി. വര്‍ഷങ്ങള്‍  നീണ്ട നിയമയുദ്ധം തന്നെ വേണ്ടി വന്നു ഗൊഗാര്‍ത്തിക്കും മറ്റ് ഇരകള്‍ക്കും.  തന്‍റെ കീഴില്‍ ജോലി ചെയ്തിരുന്ന ജിം ഫ്ലെറ്റ്ചര്‍ എന്ന വൈദികന്‍ അള്‍ത്താര ബാലന്‍മാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് അറിഞ്ഞിട്ടും മറച്ചുവച്ചു എന്നതാണ് അഡ്്ലൈഡ് ആര്‍ച്ച് ബിഷപ് ഫിലിപ് വില്‍സണെതിരായ കുറ്റം. 1970 കളിലാണ് കുറ്റകൃത്യം അരങ്ങേറിയത്.   

ഫ്ലെറ്റ്ച്ചറുടെ സഹവികാരിയായിരുന്നു വില്‍സണ്‍. നിരവധി ബാലന്‍മാര്‍   കൃത്യമായ വിവരങ്ങള്‍ പലതവണ നല്‍കിയിട്ടും വൈദികനെ സംരക്ഷിക്കാനായിരുന്നു വില്‍സണ്‍ന്‍റെ   ശ്രമം.  2004ല്‍ ബാലലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ട ശേഷം 2006ല്‍ ജയിലില്‍ വച്ച് ഫാദര്‍ ഫ്ലെറ്റ്ചര്‍ മരിച്ചു. കാലങ്ങള്‍ക്ക് ശേഷം   വൈദികരുടെ ബാലപീഡനത്തിന് ഇരകളോടും വിശ്വാസസമൂഹത്തോടും പരസ്യമായി മാപ്പു പറഞ്ഞു ആര്‍ച്ചുബിഷപ്  വില്‍സണ്‍ . അത് പക്ഷേ നിയമനടപടികള്‍ നേരിടാതിരിക്കാന്‍ കാരണമാവുന്നില്ലെന്ന് കോടതി വ്യക്തമാക്കി.  സഭയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏത് നീചപ്രവര്‍ത്തിയ്ക്കും കൂട്ടുനില്‍ക്കും ആര്‍ച്ചുുബിഷപ്പെന്ന് ഇരകളുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. എന്നാല്‍ അല്‍ഷിമേഴ്സ് രോഗമുള്ള തനിക്ക്  പരാതി ഒാര്‍മയില്ലെന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്‍റെ വാദം.  പക്ഷേ കുറ്റകൃത്യം മറച്ചുവയ്ക്കുക എന്നത് അത് സമൂഹത്തോടാകെ ചെയ്യുന്ന തെറ്റാണെന്ന് കോടതി പറഞ്ഞു. കത്തോലിക്ക സഭയിലെയും മറ്റ് മതസ്ഥാപനങ്ങളിലെയും ബാലലൈംഗിക ചൂഷണത്തെക്കുറിച്ച് വര്‍ധിച്ചുവരുന്ന പരാതികള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു.  ഒരുവര്‍ഷത്തെ തടവ് വിധിച്ച കോടതി ആരോഗ്യസ്ഥിതിയും പ്രായവും മാനിച്ച് 6 മാസം വീട്ടുതടങ്കലവാമെന്ന് നിര്‍ദേശിച്ചു.  കുറ്റം തെളിഞ്ഞതോടെ ആര്‍ച്ച് ബിഷപ് രാജ്ിവയ്ക്കണമെന്ന ആവശ്യവും ശക്തമായി. 

അതേസമയം, ബിഷപ് ഗ്രെഗ് ഒകെല്ലിയെ അഡ്്ലെയ്ഡ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചു. കോടതിവിധി ഇരകള്‍ക്ക് സമാധാനം പകരട്ടെയെന്ന്  ഓസ്ട്രേലിയന്‍ കാതത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.പീഡനവും കുറ്റകൃത്യവും കത്തോലിക്ക ജീവിതവഴിയില്‍ സ്വീകാര്യമെല്ലന്നും മെത്രാന്‍സമിതി നിരീക്ഷിച്ചു. ബാലലൈംഗികപീഡനത്തെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായതോടെയാണ്  ഒാസ്ട്രേലിയ   2013ല്‍  ബാലലൈംഗിക കുറ്റകൃത്യങ്ങള്‍ പഠിക്കുന്നതിനുള്ള റോയല്‍ കമ്മിഷന്‍ രൂപീകരിച്ചത.് സ്കൂളുകള്‍ , പള്ളികള്‍, കായിക ക്ലബുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച കമ്മിഷന്‍  8,000ത്തിലധികം പരാതികള്‍ നേരില്‍ കേട്ടു. ആരോപണവിധേയമായ മതസ്ഥാപനങ്ങളില്‍ 62 ശതമാനവും കത്തോലിക്ക സഭയുടെ കീഴിലുള്ളവയായിരുന്നു. 

വൈദികര്‍ക്കുമുപരി മെത്രാന്‍മാര്‍ക്കെതിരായ ആരോപണങ്ങള്‍ കത്തോലിക്ക സഭയെ വല്ലാതെ പിടിച്ചുലയ്ക്കുകയാണ്. മുന്‍ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പും രാജ്യാന്തര വിഷയങ്ങളില്‍ സഭയുടെ വക്താവുമായ കര്‍ദിനാള്‍ തിയഡോര്‍ ഇ മകാറിക്കിന്‍റെ കസേര തെറിച്ചതും ബാലലൈംഗിക പീഡനാരോപണത്തില്‍ത്തന്നെ. വൈദികനായിരിക്കെ 1971 ല്‍ നടന്ന കുറ്റകൃത്യമാണ് 2018ല്‍ കര്‍ദിനാളിന് വെല്ലുവിളിയായത്. വത്തിക്കാന്‍ ട്രഷറര്‍കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരായ ആരോപണം സഭയ്ക്ക് വന്‍ തിരിച്ചടിയായി. വത്തിക്കാനില്‍ നിയമിതനാവും മുമ്പ് സിഡ്നിയുടെയും മെല്‍ബണിന്‍റെയും ചുമതല വഹിച്ചയാളാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. പീഡനക്കേസില്‍ വിചാരണനേരിടണമെന്ന കോടതി ഉത്തരവോടെ കര്‍ദിനാള്‍ പെല്ലിനോട് അവധിയില്‍പ്രവേശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശിച്ചു. ആസ്ട്രേലിയക്കാരനായ പെല്‍ നിയമനടപടികള്‍ക്കായി സ്വദേശത്തേക്ക് മടങ്ങി. അതിനിടെ കുമ്പസാര രഹസ്യം സംബന്ധിച്ച് പതിയ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ബാലപീഡനം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ കുമ്പസാരത്തില്‍ വെളിപ്പെടുത്തപ്പെട്ടാല്‍ അത് പൊലീസിനെ അറിയിക്കണം എന്ന നിബന്ധനായണ് പ്രവിശ്യസര്‍ക്കാരുകളുടെ ലക്ഷ്യം. ചില നിയമസഭകള്‍ ഇത് പാസാക്കുകയും ചെയ്തു. ബാലപീഡനത്തെക്കുറിച്ച് പഠിച്ച റോയല്‍‌ കമ്മിഷന്‍റെ ശുപാര്‍ശകളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ചെയ്ത തെറ്റിന് കുമ്പസാരിച്ചാല്‍ പാപമോചനമാവും എന്ന വിശ്വാസം കുറ്റവാളികള്‍ക്ക് വളമാവുന്നെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. 

എന്നാല്‍ നിയമനിര്‍മാണനീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് കത്തോലിക്ക സഭ വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് സഭയുടെ പക്ഷം. മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്നവരാണ് വൈദികരെന്ന് സഭ ഓര്‍മിപ്പിക്കുന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനെക്കാള്‍ ജയില്‍ശിക്ഷയാണ് സ്വീകാര്യമെന്ന കടുത്ത നിലപാടിലാണ് സഭാനേതൃത്വം.  നൂറ്റാണ്ടുകളായുള്ള സഭാ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങുകയാണ് കത്തോലിക്ക സഭ.