ഇതാ ലോകത്തിലെ ഏറ്റവും വലിയ കുടുംബം, 346 അംഗങ്ങള്‍: ചിത്രങ്ങൾ

ഉക്രൈനിലെ പാവേൽ സെമന്യുകിന് വയസ്സ് 87, കുട്ടികൾ 13. 13 കുട്ടികളിലുള്ള പേരക്കുട്ടികൾ 127. പേരക്കുട്ടികളുടെ മക്കൾ 203, അവരുടെ മക്കള്‍ 3. അങ്ങനെ നാലു തലമുറകളിലായി പാവേലിൻറെ കുടുംബത്തിലുള്ളത് 346 പേർ. കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടാഴ്ച പ്രായം. ലോകത്തിലെ ഏറ്റവും വലിയ കുടുംബമെന്ന ഗിന്നസ് റെക്കോർഡിൽ സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് ഇവർ. നിലവിലെ ഗിന്നസ് റെക്കോർഡിലുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിൽ 192 അംഗങ്ങളാണുള്ളത്. 

കുടുംബത്തിലെ ഓരോരുത്തരുടെയും പേരുകള്‍ ഓർത്തുവെയ്ക്കുക എന്നതാണ് വിഷമമുള്ള കാര്യമെന്ന് നിർമാണ തൊഴിലാളിയായ സെമന്യുക് പറയുന്നു. കുടുംബത്തിലെ പഴയ അംഗങ്ങളുടെ പേരുകളെല്ലാം അദ്ദേഹത്തിനറിയാം. പുതിയ ആളുകളുടെ പേര് പഠിക്കാനാണ് ബുദ്ധിമുട്ട്. സെമന്യുക്കിനെ പോലെ തന്ന നിർമാണ തൊഴിലാളികളാണ് കുടുംബാംഗങ്ങളിൽ ഭൂരിഭാഗം ആളഴുകളും. അംഗങ്ങൾ ഒരുപാടുണ്ട്, സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ സന്തോഷത്തിലും സ്നേഹത്തിലുമാണ് തങ്ങൾ കഴിയുന്നതെന്ന് സെമന്യുക് പറയുന്നു. 

ഉക്രൈനിലെ ഒരു സ്കൂളിൽ മാത്രം ഈ കുടുംബത്തിൽ നിന്നുള്ള 30 കുട്ടികളാണ് പഠിക്കുന്നത്. പുതിയതായി വിവാഹിതരാകുന്നവർക്ക് സ്വന്തം ഗ്രാമത്തില്‍ തന്നെ വീടു പണിയാൻ മുൻപന്തിയിൽ നില്‍ക്കുന്നതും കുടുംബാംഗങ്ങള്‍ തന്നെയാണ്. 

ഉക്രൈന്‍ നാഷണല്‍ രജിസ്റ്റ‍ര്‍ ഓഫ് റെക്കോര്‍ഡ് , രാജ്യത്തെ ഏറ്റവും വലിയ കുടുംബമായി സെമന്യുക് കുടുംബത്തെ അംഗീകരിച്ചിരുന്നു. അതിനുശേഷമാണ് ഗിന്നസ് അധികൃതരെ വിവരമറിയിച്ചത്.