അഴിമതിക്കേസിൽ മലേഷ്യൻ മുൻ പ്രധാനമന്ത്രി അറസ്റ്റില്‍‌

അഴിമതിക്കേസിൽ മലേഷ്യയുടെ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍. 2009ൽ നജീബ് പ്രധാനമന്ത്രിയായിരിക്കെ തുടക്കമിട്ട വൺ മലേഷ്യ ഡവലപ്മെന്റ് ബെർഹാദ് നിക്ഷേപ പദ്ധതിയിൽനിന്നു കോടിക്കണക്കിനു ഡോളർ തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ്.  നജീബിന്റെ ദത്തുപുത്രനും ഹോളിവുഡ് നിർമാതാവുമായ റിസ അസീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. 

മലേഷ്യയുടെ  സമഗ്രവികസനം ലക്ഷ്യമിട്ടു 2009ൽ രൂപവത്കരിച്ച വൺ മലേഷ്യ ഡവലപ്‌മെന്റ് ബർഹാദിലേക്ക് വിദേശത്തുനിന്നു ശതകോടികളാണ് ഒഴുകിയെത്തിയത്. ഇതിൽനിന്നു 450 കോടി ഡോളർ നജീബ് റസാഖിന്റെ സ്വന്തക്കാർ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.  ക്വലാലംപൂരിനെ ഫിനാന്‍ഷ്യല്‍ ഹബായി വളര്‍ത്തുകയായിരുന്നു വണ്‍ മലേഷ്യ ഡവലപ്മെന്ഡറ് ബര്‍ഹാദിന്‍റെ ലക്ഷ്യം. 2015ലാണ് പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുവന്നത് . നജീബ് റസാക്കിന്റെ അക്കൗണ്ടിൽ 70 കോടി ഡോളർ ഏതോ അജ്ഞാത കേന്ദ്രത്തിൽനിന്നു നിക്ഷേപിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതാണ് അഴിമതി ആരോപണങ്ങൾക്കു വഴിതെളിച്ചത്. മേയ് അവസാനം നജീബിന്റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ 200 കോടിയോളം രൂപ വിലവരുന്ന ആഡംബരവസ്തുക്കളും കണ്ടെടുത്തു. അഴിമതിക്കഥകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നജീബ് റസാക്കിന് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടു.  മുന്‍ പ്രസിഡന്‍റ് മഹാതീര്‍ മുഹമ്മദ്  തൊണ്ണൂററിരണ്ടാം വയസില്‍ അധികാരത്തില്‍ തിരിച്ചെത്തി.