അമേരിക്കയിലെ ഇമിഗ്രേഷന്‍ സമ്പ്രദായം പരിഷ്കരിക്കണമെന്ന് ട്രംപ്

അമേരിക്കയിലെ ഇമിഗ്രേഷന്‍ സമ്പ്രദായം പരിഷ്കരിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇമിഗ്രേഷന്‍ അനുവദിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാകണമെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യക്കാരായ പ്രഫഷണലുകള്‍‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഇമിഗ്രേഷന്‍ പരിഷ്കരണങ്ങള്‍. 

നിലവിലെ ഇമിഗ്രേഷന്‍ സമ്പ്രദായം നിയമപരമായ മാര്‍ഗങ്ങളിലൂടെ അമേരിക്കയിലെത്തുന്നവര്‍ക്ക് പ്രതികൂലമാണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടാത്ത അവസ്ഥയുണ്ടാക്കും. അമേരിക്കയെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ ഇവിടേക്കെത്തുന്നവര്‍ക്ക് അനുകൂലമാകണം ഇമിഗ്രേഷന്‍ നിയമങ്ങള്‍ എന്നും ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു.  . എച്ച് വണ്‍ ബി വര്‍ക്ക് വിസയിലൂടെ നിരവധി ഇന്ത്യക്കാരായ പ്രഫഷണലുകളാണ് അമേരിക്കയിലെത്തുന്നത്. ഗ്രീന്‍ കാര്‍ഡിനപേക്ഷിച്ച് പത്തുവര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരും നിരവധി. ഓരോ രാജ്യങ്ങള്‍ക്കും അനുവദിച്ചിരിക്കുന്ന ക്വാട്ടയുടെ പരിധിയാണ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നത്. ഏഴുശതമാനം വീതമാണ് ഓരോ രാജ്യത്തിനുമുള്ള  ക്വാട്ട.  അതേസമയം, അനധികൃതമായെത്തുന്നവര്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കരുതെന്നും ട്രംപ് ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.