കൈതുടച്ച നാപ്കിൻ പണികൊടുത്തു; 32 വർഷത്തിനു ശേഷം കൊലയാളി കുടുങ്ങി; സംഭവബഹുലം ഈ കഥ

32 വർഷം മുമ്പുള്ള പീഡിപ്പിച്ചുള്ളകൊലപാതകം തെളിയാൻ കാരണം ഹോട്ടലിൽ കൈതുടച്ചു വലിച്ചെറിഞ്ഞ നാപ്കിൻ. സിനിമയെവെല്ലുന്ന സംഭവം നടന്നത് യുഎസിലാണ്. 1986ലാണ് പന്ത്രണ്ടുവയസുകാരിയായ മിഷേല പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. ഇതിനുത്തരവാദിയായ ഗാരി ചാൾസ് ഹാർട്മാൻ എന്ന കൊലപാതകിയാണ് 32 വർഷത്തിന് ശേഷം പിടിയിലാകുന്നത്. ഇപ്പോൾ 66 വയസുണ്ട് ഇയാൾക്ക്. 

സംഭവം ഇങ്ങനെ: 1986 മാർച്ച് 26ന് ആണു മിഷേല വെൽഷ് എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടകോമയിലുള്ള പാ‍ർക്കിൽ രാവിലെ രണ്ടു സഹോദരിമാർക്കൊപ്പം കളിക്കാൻ പോയതായിരുന്നു മിഷേല. പതിനൊന്നു മണിയായപ്പോൾ ഉച്ചഭക്ഷണം എടുക്കാനായി സൈക്കിളിൽ അവൾ അടുത്തുള്ള വീട്ടിലേക്കു പോയി. ഈ സമയം സഹോദരിമാർ ശുചിമുറിയിലേക്കു പോയി. അവർ തിരികെ വന്നപ്പോൾ ചേച്ചിയെ കണ്ടില്ല. എങ്കിലും കുട്ടികൾ കളി തുടർന്നു. 

അൽപനേരം കഴിഞ്ഞപ്പോൾ മിഷേലയുടെ സൈക്കിളും ഉച്ചഭക്ഷണവും അൽപം അകലെ കിടക്കുന്നതു കുട്ടികൾ കണ്ടു. എന്നാൽ, മിഷേലയെ കണ്ടതുമില്ല. കുട്ടികൾ അവരുടെ ആയയോടു വിവരം പറഞ്ഞു. ആയ അമ്മയോടും. കുട്ടികളിലൊരാളെ കാണാനില്ലെന്നറിഞ്ഞതോടെ വീട്ടുകാർ പൊലീസിനെ വിളിച്ചു. അന്വേഷണത്തിൽ രാത്രിയോടെ ആളൊഴിഞ്ഞ പാറക്കെട്ടിനടുത്തുനിന്നു മിഷേലയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പീഡിപ്പിച്ചു കൊന്നതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. 

ഏറെനാളുകൾ അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചു വിവരമൊന്നും കിട്ടിയില്ല. ഡിഎൻഎ രൂപരേഖയടക്കം തയാറാക്കിയെങ്കിലും പൊലീസിന്റെ ശേഖരത്തിലെ ഡിഎൻഎ സാംപിളുകളുമായി യോജിച്ചില്ല. വർഷങ്ങൾക്കു ശേഷം 2016ൽ ജനിതക വംശാവലി തയാറാക്കുന്ന വിദഗ്ധന്റെ സഹായം പൊലീസ് തേടി. മിഷേലയുടെ ശരീരത്തിൽനിന്നു കിട്ടിയ കുറ്റവാളിയുടെ ഡിഎൻഎ ഉപയോഗിച്ച് ആരെന്നറിയാത്ത കുറ്റവാളി ഏതു കുടുംബത്തിൽപ്പെട്ടയാളാണെന്നു തിരിച്ചറിയാൻ കഴിയുമോ എന്ന പഠനമാണ് ഈ വിദഗ്ധൻ നടത്തിയത്. അതിനായി ലഭ്യമായ ഡിഎൻഎ സാംപിളുകൾ പരിശോധിച്ചു. 

ഈ ഗവേഷണത്തിനൊടുവിൽ കുറ്റവാളിയാകാൻ സാധ്യതയുള്ള രണ്ടുപേരെ പൊലീസ് കണ്ടെത്തി. സഹോദരങ്ങളായിരുന്നു ഇവർ. പൊലീസ് ഇവരെ നിരീക്ഷിക്കാൻ തുടങ്ങി. ഇവരിൽ ഒരാൾ ഹോട്ടലിൽ പോയപ്പോൾ പൊലീസ് ഡിറ്റക്ടിവ് പിന്നാലെയുണ്ടായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം ഇയാൾ കൈതുടച്ച നാപ്കിൻ ഈ ഡിറ്റക്ടിവ് കണ്ടെടുത്തു. നാപ്കിനിലെ ഡിഎൻഎ മിഷേലിന്റെ ശരീരത്തിൽനിന്നു കണ്ടെടുത്ത ഡിഎൻഎയുമായി യോജിക്കുന്നുവെന്നു ലാബ് പരിശോധനയിൽ തെളിഞ്ഞു. പിന്നാലെ, കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.