ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി; ഇറാനുമേൽ വീണ്ടും ഉപരോധം

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനു മേൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. 2015ൽ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറിൽ നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്. ‘.അതേസമയം ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇറാൻ പ്രതികരിച്ചു. പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്. കരാർ പ്രകാരമുള്ള കാര്യങ്ങളിൽ നിന്ന് ഇറാൻ വ്യതിചലിക്കില്ല. കരാറിൽ ഒപ്പിട്ടിരിക്കുന്ന മറ്റു രാജ്യങ്ങളുടെ കൂടെ അഭിപ്രായം തേടിയ ശേഷം ആണവപരിപാടികൾ പുനഃസ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു.

 കരാറിൽ നിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനത്തെ യുകെയും ജർമനിയും ഫ്രാൻസും സംയുക്തമായി അപലപിക്കുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. അണ്വായുധ നിർവ്യാപീകരണം പ്രതിസന്ധിയിലായെന്നും മക്രോ ട്വീറ്റ് ചെയ്തു. കരാറിന്മേലുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്ന് ഫ്രാന്‍സിനെയും ജർമനിയെയും ഒപ്പം ചേർത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കി.