ഐക്യകൊറിയ അകലെയല്ല; ആ സ്വപ്നത്തിനായി ഇനി കാത്തിരിക്കാം

കൊറിയകള്‍ക്കിടയിലെ യുദ്ധഭീതിയൊഴിഞ്ഞ് സമാധാനത്തിന്റെ പുതുയുഗം പിറക്കുമോ? ഉത്തരകൊറിയ ആണവായുധം പൂര്‍ണമായി ഉപേക്ഷിക്കുമോ? ഇരു കൊറിയകളും വീണ്ടും ഒന്നായി ഐക്യ കൊറിയ ലോകഭൂപടത്തില്‍ തെളിയുമോ ? ഇരു രാജ്യത്തെയും ഭരണതലവൻമാർ കൈ കോർക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങള്‍‌ ഇവയാണ്.  ഇതിനെല്ലാം ഇന്ന് ഉത്തരമായിരിക്കുകയാണ്. ഐക്യകൊറിയ അകലയല്ല.

ആദ്യം ചരിത്രം നോക്കാം, കൊറിയ മുറിഞ്ഞതിന്റെ ചരിത്രം

1910 മുതൽ ജപ്പാന്റെ കോളനി ആയിരുന്നു കൊറിയ. 35 വർഷം ജപ്പാൻ സൈന്യത്തിന്റെ തേർവാഴ്ചയായിരുന്നു കൊറിയയിൽ. അടിമത്തം കൊടികുത്തി വാണ നാളുകൾ. എന്നാല്‍  രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ അസ്ഥിവാരം തോണ്ടി. ആഗോള  ശക്തികളായ യുഎസും സോവിയറ്റ് യൂണിയനും ജപ്പാനിൽ നിന്ന് കൊറിയ പിടിച്ചെടുത്തു. അക്ഷാംശ രേഖയെ അതിർത്തിയാക്കി ഇവർ  കൊറിയയെ രണ്ടായി മുറിച്ചു.വടക്കൻ കൊറിയയിൽ സോവിയറ്റ് യൂണിയനും തേക്കാൻ കൊറിയയിൽ അമേരിക്കയും കൊടി നാട്ടി. വടക്കൻ കൊറിയയിൽ അങ്ങനെ കമ്മ്യൂണിസ്റ്റ്‌ ഭരണമായി തെക്കൻ കൊറിയ മുതാളിത്തത്തോടും ചായ്‌വ് പുലർത്തി. മധ്യവര്ഗം തെക്കോട്ടു പലായനം ചെയ്‌തു. കർഷകരും.. തൊഴിലാളികളും വടക്കു തന്നെ നിലയുറപ്പിച്ചു.

ശീതയുദ്ധം കൊടുമ്പിരികൊണ്ടതോടെ  കൊറിയൻ മണ്ണിൽ അമേരിക്കയും സോവിയറ്റ് യൂണിയനും കടിപിടി കൂടി. ഒടുവില്‍ 1950ല്‍ അത് തുറന്ന് യുദ്ധമായി മാറി. ഉത്തരകൊറിയക്കുവേണ്ടി സോവിയേറ്റ് യൂണിയന്‍ പട്ടാളത്തെയിറക്കി. അമേരിക്ക ദക്ഷിണകൊറിക്കൊപ്പം ചേര്‍ന്നു. ചൈനയും ഉത്തരകൊറിയക്കൊപ്പം ചേര്‍ന്നതോടെ  പൂർവ ഏഷ്യയാകെ യുദ്ധഭൂമിയായി മാറി. 20 ലക്ഷത്തിലേറെ പേരാണ് കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഒടുവിൽ 1953ൽ  യുദ്ധം അവസാനിപ്പിച്ച് ഉടമ്പടി തയ്യാറാക്കി. ഉത്തരകൊറിയ ഒപ്പുവച്ചെങ്കിലും ദക്ഷിണ കൊറിയ അംഗീകരിച്ചില്ല. അതായത് സാങ്കേതികമായി കൊറിയകള്‍ തമ്മില്‍ യുദ്ധം തുടരുകയായിരുന്നു. 

ഇനി പുതിയ കാര്യം

ശുഭ സൂചനകൾ വന്നു തുടങ്ങിയത് ഈ വർഷം ആദ്യം മുതലാണ്. പുതുവത്സര പ്രസംഗത്തിൽ തന്നെ കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ദക്ഷിണ കൊറിയ അനുകൂലമായാണ് പ്രതികരിച്ചത് . പിന്നീട് എല്ലാം വേഗത്തിലായിരുന്നു.

രണ്ടുവർഷം നിശ്ചലമായിരുന്ന അതിർത്തിയിലെ  ഹോട്‍ലൈൻ ബന്ധം പുനഃസ്ഥാപിച്ചു. 20 മിനിറ്റോളം ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ ഫോണിൽ സംസാരിച്ചു. പിന്നീടങ്ങോട്ട് സമാധാനരേഖകള്‍  കൂടുതൽ തെളിഞ്ഞു വരുന്നതാണ് കണ്ടത്.  ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ സോളിലേക്ക് കിം സ്വന്തം സഹോദരിയെ അയച്ചു. പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

മാര്‍ച്ചില്‍ ദക്ഷിണകൊറിയന്‍ സംഘം ഉത്തരകൊറിയയിലെത്തി കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഒടുവിലാണ് അതിര്‍ത്തിയിലെത്തി ദക്ഷിണകൊറിയന്‍ പ്രസിഡന്റുമയി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കിം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രങ്ങള്‍ അടയ്ക്കുകയാണെന്ന് കിം ജോങ് ഉന്‍ ലോകത്തെ അറിയിച്ചു. കൊറിയന്‍ അതിര്‍ത്തിയിലെ ഉച്ചഭാഷിണികള്‍ നിശബ്ദരായി.

ലോകശ്രദ്ധയില്‍ എന്നും നിലനില്‍ക്കുന്ന കൊറിയന്‍ അതിര്‍ത്തിയില്‍തന്നെയായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. അതിരാവിലെ തന്നെ സോളില്‍ നിന്നും പ്യോങ്്ങ്യാങ്ങില്‍ നിന്നും ലോകത്തിന്റെ എല്ലാശ്രദ്ധയും തങ്ങളിലേക്ക് തിരിച്ചുകൊണ്ട് ഇരു നേതാക്കളും അതിര്‍ത്തിയിലേക്ക് റോഡുമാര്‍ഗം യാത്രതിരിച്ചു. കൊറിയന്‍ സമയം രാവിലെ 9.30തോടെ അതിര്‍ത്തിയിലെ ഡീ മിലിറ്ററിസ്ഡ് സോണിലെത്തി.  

പിന്നീടായിരുന്നു ചരിത്രത്തിലേക്കുള്ള ആ മുറിച്ചുകടക്കല്‍. കിങ് ജോങ് ഉന്‍ അതിര്‍ത്തിയിലെ വരയിലെത്തി മൂണ്‍.ജെ.ഇന്നിന്ന് കൈകൊടുത്തു. മൂണ്‍ കിമ്മിനെ സ്വീകരിച്ചു. അതിര്‍ത്തി വര മുറിച്ചുകടന്ന് കിം ദക്ഷിണകൊറിയന്‍ മണ്ണില്‍ കാലുകുത്തി. കൊറിയന്‍ യുദ്ധത്തിനുശേഷം അതിര്‍ത്തി മുറിച്ചുകടക്കുന്ന ആദ്യ ഉത്തരകൊറിയന്‍ നേതാവായി കിം കുടുംബത്തിലെ ഇളംതലമുറക്കാരന്‍ കിം ജോങ് ഉന്‍.

പിന്നീട് ഇരുവരും സമാധാനഗ്രാമം എന്ന് വിളിക്കുന്ന പാംമുന്‍ജോമിലെ ഭവനത്തിലേക്ക് നടന്നു. തുടര്‍ന്ന് ഇരുനേതാക്കളും ചരിത്ര മാറ്റിയെഴുതുന്ന ചര്‍ച്ച നടത്തി. ലോകം ഏറെ പ്രതീക്ഷിച്ച തീരുമാനം ഒടുവില്‍ കിം തന്നെ പ്രഖ്യാപിച്ചു. ഇനി കൊറിയകള്‍ പരസ്പരം യുദ്ധം ചെയ്യില്ല. ഐക്യത്തോടെ മുന്നോട്ടുപോകും.കര, വ്യോമ, സമുദ്രമാര്‍ഗത്തിലുള്ള ഒരു പ്രകോപനവും ഉണ്ടാവില്ല. 

ഈ തീരുമാനത്തിനുമപ്പുറം ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു സംപൂര്‍ണ ആണവനിരായുധീകരണം. ഉത്തരകൊറിയയെ ഇക്കാലമത്രയും ലോകത്തിനുമുന്നില്‍ വില്ലനാക്കി നിര്‍ത്തിയത് നിരന്തരം തുടര്‍ന്ന ആണവ പരീക്ഷണങ്ങളായിരുന്നു. ആണവനിരായുധീകരണത്തിന് ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് കിം ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു. അടുത്തമാസം നടക്കാനിരിക്കുന്ന ട്രംപ്– കിം കൂടിക്കാഴ്ചയ്ക്ക് ഊര്‍ജം പകരുന്നതാണ് ഇത്. ഇരുവര്‍ക്കിടയിലുമുള്ള പ്രധാന തര്‍ക്കവിഷയവും ഇതായിരുന്നു. 

കൊറിയ വിഭജനത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലുമായി ബന്ധം മുറിഞ്ഞവര്‍ ഒട്ടനവധിയാണ്. ഇവര്‍ക്കും സന്തോഷം പകരുന്നതാണ് പുതിയ തീരുമാനങ്ങള്‍. ഇരുരാജ്യങ്ങളിലെയും രക്തബന്ധമുള്ളവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് ഉടമ്പടി പറയുന്നു.

ഐക്യ കൊറിയ എന്ന സ്വപ്നത്തിനായി ഇനി കാത്തിരിക്കാം.  എല്ലാം സംശയത്തോടെ നോക്കുന്ന മേഖലയിലെ വന്‍ശക്തിയായ ചൈനയെടുക്കുന്ന തീരുമാനങ്ങളും ഇവിടെ നിര്‍ണായകമാണ്.