കടലിനടിയിൽ നിന്നും രഹസ്യായുധം; അമ്പരപ്പിച്ച് ഉത്തര കൊറിയ; അമേരിക്കയ്ക്ക് മുന്നറിയിപ്പ്

കടലിൽ നിന്ന് പുതിയ അണ്വായുധ മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. മുങ്ങിക്കപ്പലിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ (എസ്‌എൽ‌ബി‌എം) പരീക്ഷണം വിജയകരമാണെന്ന് ഉത്തര കൊറിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പരീക്ഷണത്തിനു സാക്ഷിയാകാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ വിക്ഷേപണ സ്ഥലത്ത് എത്തിയില്ല. 

കിഴക്കൻ നഗരമായ വോൺസാനിലെ കടലിൽ പുക്ക്ഗുസോങ് -3 എന്ന പുതിയ തരം എസ്‌എൽ‌ബി‌എം വെർട്ടിക്കൽ മോഡിൽ പരീക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ജപ്പാനിലെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് സമീപം ഒരു മുങ്ങിക്കപ്പൽ വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈലാണെന്ന് നേരത്തെ തന്നെ ദക്ഷിണ കൊറിയയുടെ സൈന്യം തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ ഈ പരീക്ഷണം അയൽ രാജ്യങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി അവകാശപ്പെട്ടു. എന്നാൽ യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെ ലംഘനമാണിതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ആരോപിച്ചു. ദക്ഷിണ കൊറിയയും ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.