നാണം കെട്ട് കിം ജോങ് ഉൻ; ജീവനും കൊണ്ട് സൈനികന്‍ ഓടി രക്ഷപ്പെടുന്ന വിഡിയോ പുറത്ത്

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനും  ഉത്തരകൊറിയ്ക്കും നാണക്കേടായി സൈനികൻ ഓടി രക്ഷപ്പെടുന്ന വിഡിയോ പുറത്തുവന്നു. അതിർത്തിയിലെ യുഎൻ സംരക്ഷിത മേഖലയിൽ കാവൽനിൽക്കുന്നതിനിടെയാണ് സൈനികൻ രക്ഷപ്പെടാൻ പദ്ധതിയിട്ടത്. ഉത്തര, ദക്ഷിണ കൊറിയൻ സൈനികർ മുഖാമുഖം നിൽക്കുന്ന ഏക അതിർത്തി പ്രദേശമാണിത്. ഉത്തര കൊറിയൻ സൈന്യത്തിലെ (കെപിഎ) ഒരു അംഗം അതിർത്തി കടന്ന് ദക്ഷിണ കൊറിയയിലേക്കു പ്രവേശിക്കുന്ന വിഡിയോ യുണൈറ്റഡ് നേഷൻസ് കമാൻഡ് (യുഎൻസി) ആണ് പുറത്തുവിട്ടത്.

മരങ്ങൾക്കിടയിലൂടെ ഉത്തരകൊറിയൻ ഭാഗത്തുകൂടി വേഗത്തിൽ നീങ്ങുന്ന ജീപ്പാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ഉത്തരകൊറിയൻ ഗാര്‍ഡ് പോസ്റ്റിനെ കടന്നു പോകുന്ന ജീപ്പിനെ നോക്കി ഒരു സൈനികൻ ഇറങ്ങി വരുന്നതും കാണാം. സൈനികരുടെ കനത്ത കാവലുള്ള സ്ഥലം എത്തുന്നതിനു മുൻപു ജീപ്പ് നിർത്തുന്നു. പുറത്തിറങ്ങിയ യുവാവ് സൈനിക വേഷത്തിലാണ്. ജീപ്പിൽനിന്ന ഇറങ്ങി അതിർത്തി ലക്ഷ്യമാക്കിയോടുന്ന സൈനികനു നേരെ ഉത്തരകൊറിയൻ സൈനികർ വെടിയുതിർക്കുകയാണ്. വെടിയേറ്റും അതിർത്തി കടന്നു ശേഷം കുഴഞ്ഞു വീഴുന്ന സൈനികനെ പിന്നീട് ദഷിണകൊറിയൻ സൈനികർ ‌വന്നാണ് രക്ഷപ്പെടുത്തിയത്.

ഉത്തരകൊറിയൻ സൈനികർ‌ സൈനികാതിർത്തി രേഖയിലൂടെ (എംഡിഎൽ) കുറച്ചുദൂരം ഓടിയ ശേഷമാണ് സൈന്യം ഉത്തര കൊറിയയിലേക്കു മടങ്ങിയത്. ഇത് 1953 കരാറിന്റെ ലംഘനമാണ്. ഭാവിയിൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ വച്ച് സൈനിക തലത്തിൽ ചർച്ച നടത്തുമെന്നും യുഎൻസി വക്താവ് കേണൽ ചാഡ് കാരൾ മാധ്യമങ്ങളോടു പറഞ്ഞു.

പിസ്റ്റളും എകെ47 തോക്കുകളിൽ നിന്നായി ഏകദേശം നാൽപതോളം വെടിയുണ്ടകളാണ് സൈനികന്റെ ശരീരത്തില്‍ ‌തറച്ചു കയറിയത്. ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന സൈനികന് ഉത്തരകൊറിയയിൽ ശരിയായ ആരോഗ്യ സംരക്ഷണം നൽകിയിരുന്നില്ലെന്നും വ്യക്തമായി.

രക്ഷപ്പെടാൻ ശ്രമിക്കുന്ന സൈനികനെ വെടിവയ്ക്കുന്നവർക്ക് ഉന്നമില്ലെന്നാണ് വിഡിയോയ്ക്ക് താഴെ ചിലരുടെ പ്രതികരണം. ശാസ്ത്രീയ പരിശീലനമോ മികച്ച ആയുധങ്ങളോ ലഭിക്കാത്തവരാണ് ഉത്തര കൊറിയയിലെ സൈനികരെന്നും നിരീക്ഷണമുണ്ട്. രക്ഷപ്പെട്ട സൈനികൻ കഴിഞ്ഞിരുന്നതു നല്ല ഭക്ഷണമോ സൗകര്യങ്ങളോ ഇല്ലാതെയെന്ന വിവരവും വെളിപ്പെട്ടു. ദക്ഷിണ കൊറിയയിലെ ഡോക്ടർമാർ സൈനികന്റെ വയറ്റിൽനിന്ന് 27 സെന്റീമീറ്റർ നിളമുള്ള വിരയെ കണ്ടെത്തിയതോടെയാണ് ഉത്തര കൊറിയയിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലാത്ത ദുരിതജീവിതവും വെളിച്ചത്തായത്.