ക്യാപ്റ്റൻ പീഡിപ്പിച്ചു; കമ്പനി പരാതി മുക്കി; ‘മീ ടൂ’വുമായി സഹപൈലറ്റ്

ക്യാപ്റ്റൻ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് എയർലൈൻസ് കമ്പനിക്കെതിരെ സഹ പൈലറ്റ്.  അലാസ്ക എയർലൈൻസ് സഹപൈലറ്റ് ബെറ്റി പിനയാണു കമ്പനിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം ജൂണിൽ ഒരു യാത്രയ്ക്കുള്ള മുന്നൊരുക്കത്തിനിടെ ബെറ്റിയെ ക്യാപ്റ്റൻ പീഡിപ്പിച്ചുവെന്നാണു പരാതി. ‘മീ ടൂ’ ക്യാംപെയ്നു പിന്തുണ പ്രഖ്യാപിച്ച് വ്യോമയാന മേഖലയിലും സ്ത്രീകൾ നേരിടുന്ന പീഡനത്തിനെതിരെ രംഗത്തു വരേണ്ടതുണ്ടെന്നും പരാതിയിൽ ബെറ്റി പറയുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നുതന്നെ വിമാനക്കമ്പനിക്കു പരാതി നൽകി. എന്നാൽ ക്യാപ്റ്റനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബെറ്റി പറയുന്നു. തുടർന്നാണു കോടതിയെ സമീപിച്ചത്. മയക്കുമരുന്നു നൽകി ബോധം കെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിക്കാൻ എയർലൈൻസ് കമ്പനി അനുവദിച്ചു എന്നാരോപിച്ചാണു പരാതി. 

മുപ്പത്തിയൊൻപതുകാരിയായ ബെറ്റി മൂന്നു ദിവസത്തെ യാത്രയുടെ ഭാഗമായിട്ടായിരുന്നു ക്യാപ്റ്റനൊപ്പം പോയത്. എന്നാൽ പുറപ്പെടും മുൻപു ഹോട്ടലിൽ വച്ച് വൈനിൽ മയക്കുമരുന്നു കലർത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. ക്യാപ്റ്റൻ ഇപ്പോഴും അലാസ്ക എയർലൈൻസിൽ ജോലി ചെയ്യുന്നതായും ബെറ്റി പറയുന്നു. ഇയാൾ എത്ര പേരെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമല്ല. അവരിൽ താൻ അവസാനത്തെയാളായിരിക്കണമെന്ന ആഗ്രഹത്താലാണു പരാതി നൽകുന്നതെന്നും ബെറ്റി പറഞ്ഞു.

അവിവാഹിതയായ ബെറ്റി സൈന്യത്തിൽനിന്നു പിരിഞ്ഞ ശേഷമാണ് വിമാനക്കമ്പനിയിൽ ചേർന്നത്. ജൂൺ നാലിനായിരുന്നു ക്യാപ്റ്റനൊപ്പമുള്ള യാത്ര. മിനിയപൊലിസിലെ ഒരു ഹോട്ടലിൽ യാത്രയ്ക്കു മുന്നോടിയായി തങ്ങിയപ്പോഴായിരുന്നു സംഭവം.

ഹോട്ടൽ ജീവനക്കാർക്കുള്ള ഭക്ഷണം അവിടെയായിരുന്നു ഒരുക്കിയത്. അതിനിടെ വൈനിൽ മയക്കുമരുന്നു കലർത്തി നൽകിയെന്നാണു ബെറ്റിയുടെ ആരോപണം. തളർന്നുകിടക്കുന്ന ബെറ്റിയുമായി ക്യാപ്റ്റൻ മുറിയിലേക്കു പോകുന്നതു കണ്ട വിമാനത്തിലെ മറ്റൊരു ജീവനക്കാരിയുടെ മൊഴിയും പരാതിയിൽ ചേർത്തിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ യൂണിയൻ പ്രതിനിധിക്കും മനുഷ്യവിഭവശേഷി മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നു ബെറ്റി ശമ്പളത്തോടു കൂടിയുള്ള അവധിയിലും പ്രവേശിച്ചു യാത്ര തുടങ്ങുന്നതിനു 10 മണിക്കൂർ മുൻപു മദ്യപിക്കാൻ പാടില്ലെന്നാണു അലാസ്ക എയർലൈൻസിന്റെ നയം. ഇതു ക്യാപ്റ്റനും ബെറ്റിയും ലംഘിച്ചോ എന്നാണു കമ്പനി അന്വേഷിച്ചതെന്നും ബെറ്റി പറഞ്ഞു. ഇതിന്റെ ഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും ക്യാപ്റ്റൻ ബെറ്റിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചു.