ട്രംപിന്റെ തീരുമാനത്തെ തുറന്നെതിർത്ത് ബ്രിട്ടൻ; ജറുസലേമിലേക്കില്ല

ടെൽ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തെ തുറന്നെതിർത്ത് ബ്രിട്ടൺ. അമേരിക്കയുടെ പാത പിന്തുരടാൻ തങ്ങളില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ ഈ തീരുമാനം വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പാലസ്തീനും തലസ്ഥാനമായി കരുതുന്ന ജറുസലേമിന്റെ അവകാശത്തെക്കുറിച്ചുള്ള തർക്കം ചർച്ചയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് ബ്രിട്ടണ്.ഈ വിശുദ്ധനാടിന്റെ അവകാശം ഇരുകൂട്ടരും പങ്കിട്ട് അനുഭവിക്കണമെങ്കിൽ അങ്ങനെയും ആകാമെന്നാണ്  ബ്രിട്ടന്റെ അഭിപ്രായം. എന്തായാലും ബ്രിട്ടന്റെ എംബസി ടെൽ അവീവീൽനിന്നും ജറുസലേമിലേക്ക് മാറ്റാൻ ഉദ്ദേശമില്ലെന്നും ബോറിസ് ജോൺസൺ  വ്യക്തമാക്കി.

ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണും ജർമനിയും ഫ്രാൻസും ജറുസലേമിലെയും ഗാസയിലെയും തങ്ങളുടെ പൌരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. പുതിയ സാഹചര്യത്തിൽ ഇവിടെ അക്രമസംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യത മുന്നിൽകണ്ടാണിത്.

പ്രത്യേക്ഷത്തിൽ സ്നേഹപൂർണമെന്ന് തോന്നിയാലും വിനാശകരമായ നടപടിയാണ് ഇപ്പോൾ ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ പലസ്തീൻ പ്രതിനിധി പ്രതികരിച്ചു. ടർക്കി ഉൾപ്പെടെയുള്ള നിരവധി മുസ്ലീം രാഷ്ട്രങ്ങളും ട്രംപിന്റെ നടപടിയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നത് അമേരിക്കൻ തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് ഇസ്രയേൽ അനുകൂലികളായ വോട്ടർമാർക്ക് നൽകിയ വാഗ്ദാനമായിരുന്നു. ഇത് നിറവേറ്റിക്കൊണ്ടാണ് ഇന്നലെ അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതും 1948 മുതൽ ടെൽ അവീവിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതും.