ട്രെയിൻ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടു; മാപ്പു ചോദിച്ച് ജാപ്പനീസ് റയിൽവേ

ട്രെയിൻ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പു ചോദിച്ച് ജാപ്പനീസ് റയിൽവേ അധികൃതർ.  ടോക്കിയോയേയും വടക്കന്‍ മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുകുബ എക്‌സ്പ്രസ് ട്രെയിന്‍ ആണ് കഴിഞ്ഞ ദിവസം മിനാമി നഗരേയമ സ്‌റ്റേഷനില്‍ നിന്ന് 9:44:20 ന് പുറപ്പെട്ടത്. ട്രെയിൻ യഥാർഥത്തിൽ പുറപ്പെടേണ്ടത് 9:44:40നാണ്. വെറും 20 സെക്കൻഡ് നേരത്തെ പുറപ്പെട്ടതിനാണ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ സുകുബ എക്‌സ്പ്രസ് കമ്പനി ഖേദം പ്രകടിപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് ജീവനക്കാർക്ക് കമ്പനി നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ ട്രെയിൻ 20 സെക്കൻഡ് നേരത്തെ പുറപ്പെട്ടതിന് യാത്രക്കാർക്ക് പരാതിയൊന്നുമില്ല. 

കൃത്യനിഷ്ഠയുടെ കാര്യത്തിൽ ബുളളറ്റ് ട്രെയിൻ അടക്കമുളള ജാപ്പനീസ് റയിൽവേ ലോകപ്രശസ്തമാണ്. നേരിയ സമയവ്യത്യാസം ഉണ്ടായാൽ പോലും അധികൃതര്‍ യാത്രക്കാരോട് ക്ഷമചോദിക്കും. ഒരേ റൂട്ടില്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ജപ്പാനിൽ ട്രെയിൻ സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിൻ അൽപം വൈകിയാൽ ‍മുഴുവൻ സർവീസുകളെയും ബാധിക്കുമെന്നതിനാൽ സമയനിഷ്ഠ പാലിക്കുന്നതിൽ ജാപ്പനീസ് റയിൽവേ ജാഗ്രതപാലിക്കാറുണ്ട്. 

ട്രെയിനുകൾ വൈകിയോട്ടം പതിവായ നമ്മുടെ നാട്ടിൽ യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ റയിൽവേ അധികൃതർ അറിഞ്ഞതായിപോലും ഭാവിക്കാറില്ല.