കോടിപതികളുടെ എണ്ണം കൂടുന്നു; അമ്പത് ശതമാനം സമ്പത്തും ഒരു ശതമാനത്തിന്റെ കയ്യിൽ

dollar stacks

ലോകത്തെ ഏറ്റവും പണക്കാരായ ഒരു ശതമാനം പേരാണ് 50 ശതമാനം സ്വത്തുക്കളും കൈയ്യാളുന്നതെന്ന് റിപ്പോർട്ട്. ക്രെഡിറ്റ് സ്യൂസ് ഗ്ലോബൽ വെൽത്തിന്റെ റിപ്പോർട്ടിലാണ് ലോകത്തെ സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ അടങ്ങുന്നത്. യുഎസ്എയുടെ സമ്പത്തിന്റെ എട്ടുമടങ്ങുവരും ഈ ഒരു ശതമാനത്തിന്റെ കൈവശമുള്ള സ്വത്ത്. അതിസമ്പന്നരായ പത്ത് ശതമാനം ആള്‍ക്കാർ മാത്രം ചേർന്നാണ് 87.8 ശതമാനം സ്വത്തുക്കളും കൈവശം വെച്ചിരിക്കുന്നത്. ഏറ്റവും പാവപ്പെട്ട 3.5 ബില്യൺ ജനങ്ങളുടെ കയ്യിലുള്ളത് വെറും 2.7 ശതമാനം സ്വത്തുക്കൾ മാത്രം.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം സമ്പന്നര്‍ എത്രത്തോളം സ്വത്ത് കൂടുതൽ സ്വന്തമാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 42.5 ശതമാനത്തിൽ നിന്നും ഇത് 50.1 ശതമാനമായി മാറി. 2000 മുതൽ ലോകത്തെ കോടിപതികളുടെ എണ്ണം 170 ശതമാനം വർദ്ധിച്ചു. 36 ദശലക്ഷമാണ് കോടിപതികളുടെ നിലവിലെ കണക്ക്. യുകെയിലാണ് ഏറ്റവുമധികം കോടിപതികളുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.