അമേരിക്ക ഐസക്കില്‍ കണ്ട കളര്‍ഫുള്‍ രാഷ്ട്രീയം

ഒബാമയും ബുഷുമൊക്കെ വൈറ്റ് ഹൗസിലിരുന്ന് കേരളത്തിലെ സിപിഎം ബ്രാഞ്ച് കമ്മറ്റികളെ നിരീക്ഷിക്കുന്നുവെന്ന ട്രോളുകൾ അവിടെ നില്‍ക്കട്ടെ, ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളെ കൗതുകത്തോടെ നോക്കിക്കാണുന്ന ചിലരെല്ലാം അങ്ങകലെ അമേരിക്കയിലുണ്ട്. അതിന്റെ തെളിവാണ് വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന്റെ ഈ ഒന്നാം പേജ്. വിമോചനസമരത്തിലെ സാമ്രാജ്യത്വ ഇടപെടലിനെ സംന്ധിച്ചൊക്കെയുള്ള ചർച്ചകളുടെയും, സിപിഎമ്മിലുണ്ടായ ഉൾപ്പാർട്ടി തർക്കങ്ങളുടെയും ഹാങ്ങോവർ മാറിയിട്ടില്ല, പക്ഷെ വാഷ്ങ്ടൺ പോസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയപ്പോൾ മാറിയ കാലത്തെ കമ്യൂണിസ്റ്റ് രീതികളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ആശയങ്ങൾ പങ്കുവച്ചത് സാക്ഷാൽ തോമസ് ഐസക്ക് ആണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും  ജനകീയ ഇടപെടലുകളുടെ ചിത്രങ്ങളും സഹിതമാണ് മൂന്നുപേജ് നീളുന്ന സ്റ്റോറി. വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ഗ്രെഗ് ജഫി, ഇന്ത്യാ കറസ്പോണ്ടന്റ് വിധി ദോഷി എന്നിവർ ചേർന്നാണ് തയ്യാറാക്കിയത്. 

റഷ്യൻ വിപ്ലവത്തിന് നൂറാണ്ട് തികയുമ്പോള്‍ ലോകത്തില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭാവിയെക്കുറിച്ച് സ്വപ്നം കാണാവുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നായി ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ കൊച്ചുകേരളം അവശേഷിക്കുന്നു എന്നാണ് ലേഖനം പറഞ്ഞുവയ്ക്കുന്നത്. എന്നാൽ കമ്യുണിസം ഇന്നും നിലനിൽക്കുന്ന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാർട്ടി പ്രായോഗികതലത്തിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ (വേണമെങ്കിൽ വ്യതിയാനമെന്ന് പറയാവുന്ന) കുറച്ചൊരു കൗതുകരൂപത്തിൽ തന്നെ നോക്കിക്കാണുന്നു. ചൈന, ക്യൂബ തുടങ്ങിയിടങ്ങളിൽ ഏകാധിപത്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് പറയുമ്പോൾ കേരളത്തിൽ 1957 മുതൽ കൃത്യമായ ഇടവേളകളിൽ വോട്ടെടുപ്പിലൂടെ അധികാരത്തില്‍ വരുന്നു. മറ്റ് രാജ്യങ്ങളിലെ മട്ടിൽ ഫാക്ടറികള്‍ (ഉൽപാദന കേന്ദ്രങ്ങള്‍ ) വെട്ടിപ്പിടിച്ചില്ല, സ്വകാര്യ മൂലധനത്തെ എതിർത്തില്ല. മതവിശ്വാസത്തിന്റെ കാര്യത്തിലും കടുംപിടുത്തമില്ല. വ്യക്തമായ കമ്യൂണിസ്റ്റ് സ്വാധീനമുള്ള ഈ നാട് വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളിൽ ഇന്ത്യയില്‍ തന്നെ ഏറ്റവും മുൻപന്തിയിലാണെന്നും അൽപം അതിശയോക്തി പോലെ വാഷിങ്ടൺ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 

ആലപ്പുഴയിൽ പി. കൃഷ്ണപിള്ള അനുസ്മരണത്തിനിടെ തോമസ് ഐസകിനെ കണ്ടുമുട്ടിയ വാഷിങ്ടൺ പോസ്റ്റ് സംഘം അദ്ദേഹത്തിനൊപ്പം യാത്ര ചെയ്താണ് ദീർഘമായ ലേഖനത്തിന്റെ ആദ്യപകുതിയോളം വിശദീകരിക്കുന്നത്. ഐസക്കിനെ പോലുള്ളവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ മുഖമെന്ന് പറയുന്ന ലേഖനം, സംസാരത്തിനിടെ അദ്ദേഹത്തിന്റെ കയ്യിലിരുന്ന ഐ ഫോൺ റിങ് ചെയ്യുകയായിരുന്നുവെന്ന് എടുത്തുപറയുന്നു. ഇങ്ങനെ അത്യാവശ്യം ആഡംബരമൊക്കെ അടുത്തകാലത്താണ് ഉണ്ടായതെന്ന് ഐസക് വിശദീകരിച്ചു. ഐ ഫോൺ കൂടാതെ, ഇപ്പോൾ ഒരു ഐ പാഡുണ്ട്, ഒരു കാറും സ്വന്തമായുണ്ട്. മോൺക്ലയര്‍ സർവകലാശാലയിലെ പഴയ പ്രഫസർ റിച്ചാർഡ് ഫ്രാങ്കി വഴിയുണ്ടായ അമേരിക്കൻ ബന്ധത്തിന്റെ പേരിൽ മുൻപേറെ പഴികേട്ട തോമസ് ഐസക്, പക്ഷെ അങ്ങോട്ടുള്ള യാത്രകളൊക്കെ വളരെ വിരളമാണെന്ന് പറയുന്നു. പഠനത്തിനായി പോയി അവിടെ അവിടെ ഏതാണ്ട് സ്ഥിരതാമസമായിക്കഴിഞ്ഞ രണ്ട് പെൺമക്കള്‍ക്കായും തനിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. തന്റെ ബാങ്ക് ബാലൻസിനെക്കുറിച്ച് അവർക്ക് ആശങ്കയുണ്ട്. പക്ഷെ ചെറുപ്പത്തിലെ അപ്പന്റെ കമ്പനിക്കെതിരെ കൊടിപിടിച്ച് പൊതുപ്രവർത്തനം തുടങ്ങിയ താൻ ഇപ്പോൾ അതൊന്നും ചിന്തിക്കുന്നില്ല, അദ്ദേഹം വാഷിങ്ടൺ പോസ്റ്റ് സംഘത്തോട് പറയുന്നു. 64കാരനായ ഐസകിനെ ഒരു 'ഐഡിയലിസ്റ്റ് ' എന്നാണ് പത്രം വിശേഷിപ്പിക്കുന്നത്. ഗള്‍ഫ് പണത്തിന്റെ സ്വാധീനവും കമ്യൂണിസ്റ്റ് ജീവിതരീതികളും നിരീക്ഷിച്ച് കണ്ണൂരിൽ പിണറായി ഗ്രാമംവരെ യാത്രചെയ്ത വാഷിങ്ടൺ പോസ്റ്റ് സംഘം പക്ഷെ അവിടെ നിന്നെത്തി ഈ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തലവനായി വളർന്ന പിണറായി വിജയന്‍ അടക്കം മറ്റൊരു നേതാവിനെക്കുറിച്ചും പരാമർശിച്ചില്ല. ‌കേരളത്തിലെ നിലവിലെ കമ്യൂണിസ്റ്റ് സർക്കാരിനെക്കുറിച്ചും ഒന്നും മിണ്ടിയതേയില്ല.