ഭൂമിയിലെ വലിയ തിമിംഗലങ്ങളിലൊന്ന് ചത്തടിഞ്ഞു; അമ്മയ്ക്കരികെ കുഞ്ഞും

italy-whale
SHARE

ലോകത്തെ ഏറ്റവും വലിയ തിമിംഗലത്തിന്റെ ജഡങ്ങളിലൊന്നാണ് ഇറ്റാലിയന്‍ തീരത്തടിഞ്ഞത്. കൂനന്‍ തിമിംഗല വിഭാഗത്തില്‍ പെടുന്ന ഈ തിമിംഗലത്തിന്‍റെ ജഡം ഇറ്റലിയിലെ സൊറെന്‍റോ തുറമുഖത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡാണ് കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം തീരത്തടിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജനുവരി 17 നാണ് ഈ ജഡം തീരത്തിനു സമീപത്തേക്കെത്തിയത്. അഴുകി തുടങ്ങിയതോടെ ജഡം കോസ്റ്റ് ഗാര്‍ഡ് തന്നെ തീരത്തേക്കടുപ്പിക്കുകയായിരുന്നു.

ഏതാണ്ട് 65 അടിയാണ് ഈ കൂനന്‍ തിമിംഗലത്തിന്‍റെ നീളം. 77 ടണ്‍ ഭാരമുള്ള ഈ തിമിംഗലം മെഡിറ്ററേനിയന്‍ തീരത്ത് ഇതുവരെ ചത്തടിഞ്ഞ തിമിംഗലങ്ങളില്‍ തന്നെ ഏറ്റവും വലുപ്പമേറിയവയില്‍ ഒന്നാണ്. ഈ  പെണ്‍തിമിംഗലത്തിന്‍റേതെന്നു കരുതുന്ന ഒരു കുട്ടി തിമിംഗലമാണ് ജഡം കണ്ടെത്താന്‍ സഹായിച്ചത്. തീരത്തോടു ചേര്‍ന്നു നീന്തുന്ന രീതിയിലാണ്് ഈ കുഞ്ഞ് തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പല തവണ ഈ തിമിംഗല കുഞ്ഞ് തുറമുഖത്തിന്‍റെ മതിലില്‍ വന്നിടിച്ചു. എന്തോ അപകടത്തിലാണ് കുട്ടി തിമിംഗലം എന്നു മനസ്സിലാക്കിയ കോസ്റ്റ് ഗാര്‍ഡ് അതിനെ പിന്തുടര്‍ന്നു. കുട്ടി തിമിംഗലത്തിന് പരുക്കേറ്റിരിക്കാം എന്ന ധാരണയില്‍ അതിന്‍റെ പുറകെ പോയ കോസ്റ്റ് ഗാര്‍ഡ് പക്ഷേ കണ്ടെത്തിയത് മറ്റൊരു കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡമായിരുന്നു.

പ്രദേശം വിട്ടു പോകാത്ത കുട്ടി തിമിംഗലത്തെ കോസ്റ്റ് ഗാര്‍ഡ് ഇപ്പോഴും നിരീക്ഷിച്ചു വരികയാണ്. അതേസമയം ചത്ത തിമിംഗലത്തിന്‍റെ മരണ കാരണവും, പ്രായവും പോലുള്ള വിവരങ്ങള്‍ക്കായി പരിശോധനകള്‍ ആരംഭിച്ചു. ഇറ്റാലിയന്‍ മറൈന്‍ ബയോളജി വിഭാഗമാണ് ഇതിനുള്ള പഠനം ആരംഭിച്ചത്. തിമിംഗലത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മറൈന്‍ ബയോളജി വിഭാഗം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. വൈകാതെ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ ജീവിയാണ് കൂനന്‍ തിമിംഗലങ്ങള്‍. നീലത്തിമിംഗലങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. 85 അടി വരെ നീളവും 80 ടണ്‍ വരെ ഭാരവും ഉള്ള കൂനന്‍ തിമിംഗലങ്ങളെ അറ്റ്ലാന്‍റിക്കില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മെഡിറ്ററേനിയിനില്‍ കാണപ്പെടുന്ന കൂനന്‍ തിമിംഗലങ്ങള്‍ക്ക് വലുപ്പം താരതമ്യേന കുറവാണ്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ വ്യാപകമായ വ്യാവസായിക വേട്ടയാടല്‍ മൂലം കൂനന്‍ തിമിംഗലങ്ങളുടെ എണ്ണം വ്യാപകമായി കുറഞ്ഞിരുന്നു. ഇപ്പോള്‍ ഏതാണ്ട് എല്ലാ രാജ്യങ്ങളും തന്നെ വ്യാവസായിക വേട്ടയാടല്‍ നിരോധിച്ചതോടെ ഇവയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബോട്ടുകളും മറ്റും ഇടിച്ചിട്ടുള്ള അപകടങ്ങള്‍ ഇപ്പോഴും ഇവയുടെ ജീവനു ഭീഷണിയാകുന്നുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...