സ്പെനിയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. നിര്‍ണായക തീരുമാനമെടുത്തുകൊണ്ടുള്ള പ്രമേയത്തിന് കാറ്റലോണിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. എന്നാല്‍ സ്വാതന്ത്ര്യത്തിന് നിയമസാധുതയില്ലെന്ന് സ്പെയിന്‍ അറിയിച്ചു. കാറ്റലോണിയയില്‍ കേന്ദ്രഭരണത്തിന് സ്പാനി·ഷ് പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് അനുമതി കൊടുത്തു.

ആഴ്ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് കറ്റാലന്‍മാര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് ലോകത്തോട് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ പത്തിനെതിരെ എഴുപത് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. 

പ്രഖ്യാപനത്തെ തുടര്‍ന്ന് ബാഴ്സിലോനയുടെ തെരുവുകളില്‍ പതിനായിരങ്ങള്‍ ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍  തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണ് കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ നടന്നതെന്നാരോപിച്ചാണ് കടുത്ത ഇടപെടലുകളിലേക്ക് സ്പെയിന്‍ ഭരണകൂടം കടന്നിരിക്കുന്നത്. കാറ്റലോണിയയില്‍ നിയമവും ജനാതിപത്യവും പുനഃസ്ഥാപിക്കാന്‍ നേരിട്ട് ഇടപെട്ടുള്ള ഭരണം അനിവാര്യമാണെന്ന് സ്പെയിന്‍ പ്രധാനന്ത്രി മരിയാനോ റജോയ് പാര്‍ലമെന്റിനെ അറിയിക്കുകയും പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം നടന്ന ജനഹിതപരിശോധനയില്‍ 90% പേരും കാറ്റലോണിയയുടെ സ്വതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇത് സ്പെയിനിലെ ഭരണഘടനാ കോടതി റദ്ദാക്കി. തുടര്‍ന്ന് കോടതിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കാറ്റലോണിയയില്‍ പ്രാദേശിക സര്‍ക്കാര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തത്. 

സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്തുമെന്ന സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയിയുടെ പ്രഖ്യാപനം കാറ്റലോണിയ ഭരണത്തലവൻ കാർലസ് പുജമോണ്ട് തള്ളിയിരുന്നു. രാജ്യതാൽപര്യം സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്പാനിഷ് സർക്കാരിന്റെ നീക്കം ഭരണഘടന അട്ടിമറിക്കലാണെന്നു കാറ്റലോണിയ പാർലമെന്റ് സ്പീക്കർ കാർമെ ഫോർകാഡെൽ ആരോപിച്ചിരുന്നു. എന്നാൽ, അട്ടിമറി നീക്കം നടത്തുന്നതു പ്രാദേശിക ഭരണകൂടമാണെന്നാണു സ്പെയിനിന്റെ നിലപാട്.