കാത്തിരിപ്പിന് വിരാമം; ലോകം ചുറ്റാന്‍ ബിടിഎസ് എത്തുന്നു; ആരാധകര്‍ക്ക് ആവേശം‌‌

ലോകമെമ്പാ‌ടുമുള്ള ബിടിഎസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു.  ബിടിഎസ് ലോകപര്യടനത്തിനെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബാൻഡ് അംഗങ്ങളെല്ലാം തിരിച്ചെത്തിയതിനു ശേഷമായിരിക്കും ഇത്. 2025ല്‍ തിരികെ എത്തുമെന്ന് ആരാധകര്‍ക്ക് വാക്കുനല്‍കിയാണ് ബിടിഎസ് അംഗങ്ങള്‍ സൈനിക സേവനത്തിലേക്കിറങ്ങിയത്.  2020–ൽ ബിടിഎസ് ലോകപര്യടനത്തിനു പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡിന്‍റെ സാഹചര്യത്തില്‍ നടക്കാതെ പോകുകയായിരുന്നു. 

ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ ഈ വർഷം ജൂണിൽ തിരികെയെത്തും. ജൂൺ അവസാനത്തോടു കൂടി ജംഗൂക്കിന്‍റെ സേവനം അവസാനിക്കും. ‌‌ഒക്ടോബറിൽ ജെ–ഹോപും എത്തും. ബിടിഎസിലെ മറ്റ് അംഗങ്ങളുടെ സൈനികസേവനം അടുത്തവർഷമേ പൂർത്തിയാകൂ. 2025 ജൂൺ 10നാണ് ആഎമ്മും വിയും മടങ്ങിയെത്തുക. അതേമാസം തന്നെ ജിമിന്‍റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിൻ ആണ് ഏറ്റവുമൊടുവിലായി സൈനികസേവനത്തിനിറങ്ങിയത്. സുഗ തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാൾ പട്ടാള ക്യാംപിൽ ചികിത്സയിലായിരുന്നുവെന്നും വിവരങ്ങളുണ്ടായിരുന്നു.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിക്കുകയായിരുന്നു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി. ട്രെയിനിങ് മികച്ച നിലയിൽ പൂർത്തിയാക്കി വിയും ആർഎമ്മും മിലിട്ടറിയിലെ എലൈറ്റ് ഗ്രാജുവേറ്റ്സ് പദവി സ്വന്തമാക്കിയിരുന്നു.

2022 ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്‍റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നുമുള്ള ബാൻഡ് അംഗങ്ങളുടെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകര്‍ക്ക് ഞെ‌ട്ടലാണുണ്ടാക്കിയത്. സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. 

BTS mega world tour could be coming next year.