ഹൈറേഞ്ചിന്‍റെ കളംനിറഞ്ഞ് വോളിബോൾ ടൂർണമെന്‍റുകൾ

idukki
SHARE

മധ്യവേനൽ അവധിക്കാലമെത്തിയതോടെ ഇടിവെട്ട് സ്മാഷുകളുമായി ഇടുക്കിയിലെ മൈതാനങ്ങളും സജീവമാകുകയാണ്. ഹൈറേഞ്ച് മേഖലയിലെ കളിക്കളങ്ങളിൽ ഓളം തീർക്കുകയാണ് വോളിബോൾ ടൂർണമെന്‍റുകൾ. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി താരങ്ങളാണ് ജില്ലയിലേക്കൊഴുകുന്നത്.

മലപ്പുറംകാർക്ക് കാൽപന്ത് കളിയെങ്ങനെയാണോ അതുപോലെ ഇടുക്കിക്കാരുടെ രക്തത്തിൽ അലിഞ്ഞതാണ് വോളിബോൾ. കുടിയേറ്റ കാലം മുതലേ ഗ്രാമീണ മേഖലയൊന്നാകെ തങ്ങളുടെ ഏക വിനോദമാക്കി മാറ്റിയതും നെഞ്ചിലേറ്റിയതും ഈ പന്തുകളിയെയാണ്. ചെറിയ മൈതാനങ്ങൾ മതിയെന്നതായിരുന്നു വോളിബോൾ ഇടുക്കിയിൽ വേരോടാൻ പ്രധാന കാരണം. പന്ത് പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ കോതമംഗലത്തുനിന്നും തൊടുപുഴയിൽ നിന്നുമൊക്കെ പഴയ പന്തുകളെത്തിച്ചു മലയോര ജനത കളി തുടർന്നു. കാലന്തരത്തിൽ ഫുട്ബോളും ക്രിക്കറ്റും മൈതാനങ്ങൾ കീഴടക്കിയതോടെ ഈ കൈപന്തുകളി പതുക്കെ കളം ഒഴിഞ്ഞു. 

വിവിധ സംഘടനകളുടെയും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഈ അവധിക്കാലത്ത് വോളിബോൾ വീണ്ടും ആവേശം തീർക്കുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷം തിരികെയെത്തിയ കൈപന്തുകളിയെ പുതിയ തലമുറ നെഞ്ചേറ്റിയപ്പോൾ പഴയ തലമുറ ഗാലറിയിലിരുന്ന്  ആവേശം പകർന്നു. പഴയ നാട്ടുകാരായ കളിക്കാരേക്കാൾ കാണികൾക്കിന്ന് ആവേശം ക്ലബ്ബുകൾ പുറത്ത് നിന്നെത്തിക്കുന്ന താരങ്ങളാണ്. ഗ്രാമങ്ങളുടെ ആവേശവും ആഹ്ലാദവും ആസ്വദിച്ച് അവരിങ്ങനെ കളംനിറയുകയാണ്.

MORE IN SPOTLIGHT
SHOW MORE