സിഡ്നിയെ ഞെട്ടിച്ച് മലയാളി ഫ്ലാഷ് മോബ്; പിന്നില്‍ പെണ്‍കൂട്ടായ്മ

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് മലയാളി വനിതകളുടെ സൗഹൃദക്കൂട്ടായ്മ. ‘ചങ്ങായീസ്’ എന്ന പേരില്‍ ഇരുന്നൂറോളം പേര്‍ ഉള്‍പ്പെട്ട സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ടും നൃത്തവുമൊക്കെ ആസ്വദിച്ച് സ്വദേശികളും കാഴ്ചക്കാരായെത്തി. നാട്ടില്‍ നിന്നകലെ ജീവിക്കുമ്പോള്‍ സൗഹൃദം കൊണ്ട് ഒരുമയും സുരക്ഷിതത്വബോധവും ഉറപ്പാക്കുകയാണ് കൂട്ടായ്മയുടെ ഉദ്ദേശ്യം. ഒരുമിച്ചുള്ള യാത്രകളും ഒഴിവുസമയത്തെ ഒത്തുചേരലുകളും സര്‍ഗശേഷി പ്രകടിപ്പിക്കാന്‍ വേദികളൊരുക്കലുമെല്ലാം ച​ങ്ങായീസിന്റെ ലക്ഷ്യമാണ്. സിഡ്നിയിലെ സമാനചിന്താഗതിക്കാരായ മലയാളി വനിതകളെയെല്ലാം കൂട്ടായ്മയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുതുതായി ഇവിടെയെത്തുന്ന മലയാളികളെ സഹായിക്കാനുതകുംവിധം വാട്സാപ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

Malayalee women flash mob in Sidney