വീണ്ടുമൊരു ഓസോണ്‍ ദിനം; ഭൂമി ചുട്ടുപൊളളുന്നു; ഇല്ലാതാകുമോ നമ്മള്‍?

ozone1
SHARE

ഓസോണ്‍. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്ന നേര്‍ത്ത വാതക കവചം. സൂര്യനില്‍ നിന്നുള്ള അപകടകാരികളായ വികിരണങ്ങള്‍ നമുക്കുമേല്‍ പതിക്കാതെ കാക്കുന്ന രക്ഷാകവചം. അത് നമ്മുടെ ചെയ്തികള്‍ കൊണ്ടുതന്നെ അത് നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു. എന്താണ് ഇപ്പോള്‍ ഓസോണ്‍ കവചത്തിന്റെ അവസ്ഥ. എത്ര നാള്‍ ഈ രക്ഷാപാളി നമുക്കുണ്ടാകും? അത് ഇല്ലാതായാല്‍ നമുക്ക് എന്തുസംഭവിക്കും? ഈ ഓസോണ്‍ ദിനത്തില്‍ അവ ഒന്ന് പരിശോധിക്കാം

2

ഓസോണും ഓസോണ്‍ പാളിയും

ഓസോണ്‍ എന്നാല്‍ ഓക്സിജന്റെ, ഓ–ത്രീ (03) അഥവാ മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ഉള്ള വാതകരൂപമാണ്. നമ്മള്‍ ശ്വസിക്കുന്ന, ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഘടകമായ ഓക്സിജന്‍ ഓ–ടൂ (02) ആണല്ലോ. അന്തരീക്ഷത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ഓസോണ്‍ ഉള്ളു. എന്നാല്‍ ഈ ഭാഗത്തിന്റെ സാന്നിധ്യം നമ്മുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാകാത്തതാണ്. ഭൂതലത്തില്‍ നിന്ന് 10 മുതല്‍ 40 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഓസോണ്‍ പാളി നിലനില്‍ക്കുന്നത്. സ്ട്രാറ്റോസ്ഫിയര്‍ എന്ന  ഈ അന്തരീക്ഷ ഭാഗത്താണ് ആകെയുള്ള ഓസോണിന്റെ 90 ശതമാനവും ഉള്ളത്.

1

ഓസോണ്‍ പാളി ഭൂമിയെ കാക്കുന്നതെങ്ങനെ?

ജീവന്റെ നിലനില്‍പ്പിന് സൂര്യപ്രകാശം ഒഴിച്ചുകൂടാനാവില്ലെങ്കിലും സൂര്യനില്‍ നിന്നുള്ള ഊര്‍ജവും വികിരണങ്ങളും അതേപടി നേരിട്ട് ഭൂമിയില്‍ പതിച്ചാല്‍ ഇവിടെ ജീവനുള്ള ഒന്നും ബാക്കിയുണ്ടാവില്ല. സൂര്യനില്‍ നിന്നുള്ള അത്യന്തം അപകടകാരികളായ അള്‍ട്രാവയലറ്റ് കിരണങ്ങളെ നേരിട്ട് ഭൂമിയില്‍ പതിക്കാതെ നിയന്ത്രിക്കുന്നത് ഓസോണ്‍ പാളിയാണ്. സ്ട്രാറ്റോസ്ഫിയറില്‍ നിരന്തരം ഓസോണ്‍ തന്മാത്രകള്‍ ഉല്‍പാദിപ്പിക്കുകയും നശിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ശരാശരി അളവ് എപ്പോഴും നിലനില്‍ക്കും. യുവിബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളെ ഓസോണ്‍ ആഗിരണം ചെയ്യും. സ്കിന്‍ കാന്‍സര്‍, തിമിരം തുടങ്ങി അനേകം രോഗങ്ങള്‍ക്കും  വിളനാശത്തിനും സമുദ്രജീവികളുടെ നാശത്തിനും ഇടയാക്കുന്നതാണ് യുവിബി കിരണങ്ങള്‍.

ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീണതെങ്ങനെ?

1

ക്ലോറിന്‍, ബ്രോമിന്‍ ആറ്റങ്ങള്‍ക്ക് ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഒരു ക്ലോറിന്‍ ആറ്റത്തിന് ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. ഭൂമിയില്‍ വ്യാവസായികാവശ്യത്തിനും ഗാര്‍ഹികാവശ്യത്തിനും കൃഷിക്കുമെല്ലാം ഉപയോഗിക്കുന്ന പല രാസപദാര്‍ഥങ്ങളും വാതകങ്ങളും അന്തരീക്ഷത്തിലേക്ക് വലിയതോതില്‍ കാര്‍ബണും ക്ലോറിനും ബ്രോമിനും തള്ളുന്നുണ്ട്. ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍, ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍, കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ്, മീതൈല്‍ ക്ലോറോഫോം എന്നിവയാണ് കാര്‍ബണ്‍ ഉറവിടങ്ങള്‍. ഹാലോണ്‍, മീതൈല്‍ ബ്രോമൈഡ് എന്നിവ ബ്രോമിനും അന്തരീക്ഷത്തിലെത്തിക്കുന്നു. അവയാണ് ഓസോണിന്റെ നാശത്തിന് കാരണമാകുന്നതും വിള്ളല്‍ വീഴ്ത്തിയതും.

എസി, റഫ്രിജറേറ്റർ, സ്പ്രേ ഇവയിൽ നിന്നെല്ലാം പുറന്തള്ളപ്പെടുന്ന സിഎഫ്സി അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് എത്തുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ ഇവയെ വിഘടിപ്പിക്കുന്നു. ഇങ്ങനെ പുറത്തുവരുന്ന ക്ലോറിൻ ഓസോണിന്റെ വിഘടനത്തിനു കാരണമാകുന്നു.  സൂപ്പർസോണിക് വിമാനങ്ങൾ സ്ട്രാറ്റോസ്ഫിയറിലേക്കു പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡുകളും ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്നു. ആണവ വിസ്ഫോടനങ്ങളിലൂടെയും നൈട്രജൻ ഓക്സൈഡുകൾ പുറന്തള്ളപ്പെടുന്നു. എഴുപതുകളുടെ ഒടുവിലാണ് അന്റാര്‍ട്ടിക്കയ്ക്ക് മുകളില്‍ ഓസോണ്‍ പാളിയില്‍ വലിയ ദ്വാരം കണ്ടെത്തിയത്.

മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍

ഓസോണ്‍ പാളിയുടെ ശോഷണം പരിഹരിച്ച് ഓസോണിന്റെ അളവ് 1980കള്‍ക്ക് മുന്‍പുള്ള അവസ്ഥയിലെത്തിക്കാനുള്ള ഉടമ്പടിയാണ് മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍. 1985 മാര്‍ച്ച് 22ന് 28 രാജ്യങ്ങള്‍ ഒപ്പുവച്ചാണ് അടിസ്ഥാന ഉടമ്പടി അംഗീകരിച്ചത്. ഓസോണ്‍ നശിപ്പിക്കുന്ന രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഉല്‍പാദനവും ഉപയോഗവും നിയന്ത്രിക്കുകയാണ് ഉടമ്പടിയുടെ ലക്ഷ്യം. ഓസോണ്‍ പുനരുജ്ജീവനത്തിനുള്ള ഗവേഷണം, ശാസ്ത്രീയ അറിവുകള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവയെല്ലാം പ്രോട്ടോക്കോളിന്റെ ഭാഗമാണ്. 2009 ല്‍ ഇത് ലോകത്തെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചു.

കാലാവസ്ഥാവ്യതിയാനം

ഓസോണ്‍ പാളിയിലുണ്ടായ ശോഷണം ഭൂമിയിലെ കാലാവസ്ഥയെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ചൂട് വന്‍തോതില്‍ വര്‍ധിച്ചതോടെ ആഗോളതാപനം എന്ന അത്യന്തം അപകടകരമായ സാഹചര്യത്തിലേക്കാണ് നമ്മള്‍ എത്തിപ്പെട്ടത്. നാള്‍ക്കുനാള്‍ മാറിമറിയുന്ന തികച്ചും പ്രവചനാതീതമായ നിലയിലേക്ക് കാലാവസ്ഥ എത്തിപ്പെട്ടതോടെ വന്‍തോതിലുള്ള പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും നിത്യസംഭവമായി.

ഇനി പ്രതീക്ഷയുണ്ടോ?

ഓസോണ്‍ പാളിയുടെ കാര്യത്തില്‍ പ്രതീക്ഷ ഇനിയുമുണ്ട്. മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ സഹായത്താല്‍ ഓസോണ്‍ പാളിയുടെ സംരക്ഷണം നല്ലതോതില്‍ കഴിഞ്ഞ നാല് ദശകങ്ങളില്‍ നടന്നിട്ടുണ്ട്. ഓസോണ്‍ ശോഷണം ഉണ്ടാക്കുന്ന രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഉല്‍പാദനം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടുകഴിഞ്ഞു. ഓസോണ്‍ പാളിയിലുണ്ടായ വലിയ ദ്വാരം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അതിലേക്കുള്ള വലിയ ചുവടുകള്‍ നാം വച്ചുകഴിഞ്ഞു. ഈ നൂറ്റാണ്ടിന്റെ പകുതി കഴിയുന്നതോടെ പ്രശ്നത്തിന് പൂര്‍ണപരിഹാരം കാണാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാല്‍ ഇനിയുള്ള ഓരോ ദിവസവും ഓരോ മനുഷ്യനും ഓരോ രാജ്യവും ഓരോ ഭരണകൂടവും അതില്‍ പൂര്‍ണമനസോടെ പങ്കുവഹിക്കണം. ഓസോണ്‍ കാത്തുസൂക്ഷിക്കൂ, നമ്മുടെ അന്തരീക്ഷത്തെ സംരക്ഷിക്കൂ എന്ന ഈ വര്‍ഷത്തെ ഓസോണ്‍ ദിന സന്ദേശം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കപ്പെടുക തന്നെ വേണം. അല്ലെങ്കില്‍ വരുംതലമുറയ്ക്ക് ഹാനികള്‍ മാത്രം സമ്മാനിച്ചാകും ഇപ്പോഴത്തെ തലമുറയുടെ മടക്കം.

MORE IN SPOTLIGHT
SHOW MORE