ടിപ്പുവിന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തില്‍ പോയത് 140 കോടി രൂപയ്ക്ക്

Image Credit: bonhams.com

ടിപ്പുസുല്‍ത്താന്റെ സ്വര്‍ണപ്പിടിയുള്ള വാളിന് ലേലത്തില്‍ ലഭിച്ചത് 140 കോടി രൂപ. ടിപ്പുവിന്റെ സ്വകാര്യവസതിയില്‍ നിന്ന് കണ്ടെത്തിയ വാള്‍ അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് മേജര്‍ ജനറലായിരുന്ന ഡേവിഡ് ബെയര്‍ഡാണ് കൈവശം വച്ചിരുന്നത്. പ്രതീക്ഷിച്ചതിലും ഏഴിരട്ടി വിലയാണ് വാളിന് ലഭിച്ചതെന്ന് ലണ്ടനില്‍ ലേലം സംഘടിപ്പിച്ച ബോൻഹാംസ് വ്യക്തമാക്കി.  15 കോടി മുതൽ 20 കോടി വരെ രൂപയാണ് വാളിനു വിലയായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. സുഖേല വിഭാഗത്തിൽപെടുന്ന സ്റ്റീൽ നിർമിത വാളാണ് ഇത്. 100 സെന്റിമീറ്ററാണ് വാളിന്റെ നീളം. വാള്‍ വാങ്ങിയ ആളുടെ വിവരങ്ങള്‍ സംഘാടക സമിതി പുറത്തുവിട്ടിട്ടില്ല. ടിപ്പുവിന്റെ വാളുകളിലൊന്ന് 2004 ല്‍ വിജയ്മല്യയും സ്വന്തമാക്കിയിരുന്നു. 

ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാൾ. ടിപ്പുവിന് ആയുധത്തോടുണ്ടായിരുന്ന അടുപ്പവും നിർമാണ വൈദഗ്ധ്യവുമെല്ലാം വാളിന്റെ മൂല്യം വർധിപ്പിക്കുന്നുവെന്ന് ലേലം നടത്തിയ ഒലിവർ വൈറ്റ് പറഞ്ഞു. പിടി കഴിഞ്ഞുള്ള ഭാഗത്ത് ഒരു വശത്തു മൂർച്ചയുള്ള  വാൾ, മുനയിലേക്ക് എത്തുമ്പോഴേക്ക് ഇരുവശത്തും മൂർച്ചയുള്ളതായി മാറുന്നു. ധാരാളം ചിത്രപ്പണികളാൽ നിർമിതമായ വാളിൽ രാജസ്ഥാനിലെ മേവാറിൽ പ്രചാരത്തിലുണ്ടായിരുന്ന കോഫ്റ്റ്‌ഗിരി ശൈലിയിലുള്ള കലയാണ് പ്രധാനമായും  ഉപയോഗിച്ചിരിക്കുന്നത്.

Tipu Sultan's sword was sold at an auction in London for Rs 140 crore