Image Credit:sothebys.com
ചൊവ്വയില്‍ നിന്നും ഭൂമിയില്‍ പതിച്ചതിലേറ്റവും വലിയ ഉല്‍ക്കാശിലയ്ക്ക് ലേലത്തില്‍ കിട്ടിയത് 53 ലക്ഷം ഡോളര്‍. ന്യൂയോര്‍ക്കില്‍ നടന്ന ലേത്തില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് ചൊവ്വയുടെ ഒരു കഷ്ണം സ്വന്തമാക്കിയത്. NWA 16788 എന്നറിയപ്പെടുന്ന ഉല്‍ക്കാശിലയ്ക്ക് ഇരുപത്തിനാലരക്കിലോ ഭാരവും 38 സെന്‍റീമീറ്റര്‍ ഉയരവുമുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ വാല്‍നക്ഷത്രമോ, ഛിന്നഗ്രഹങ്ങളോ, ഉല്‍ക്കയോ കടന്നുപോകുമ്പോള്‍ സഞ്ചാരപാതയില്‍ നിന്നും തെറ്റി ഭൂമിയില്‍ പതിക്കുന്നവയാണ് ഉല്‍ക്കാശിലകള്‍.
Image Credit: sothebys.com
2023 നവംബറില്‍ നൈജറിലെ അഗാദസില്‍ നിന്നാണ് NWA 16788 കണ്ടുകിട്ടിയത്. ഇതുവരേക്കും ലേലത്തില്‍ പോയ സമാന വസ്തുക്കളില്‍ ഏറ്റവും വിലയേറിയതും ഈ ശിലയാണെന്ന് ഓക്ഷന്‍ ഹൗസായ സോത്ബി അറിയിച്ചു.
ഉല്‍ക്കയുടെ ശക്തമായ കൂട്ടിയിടിയെ തുടര്‍ന്ന് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് അടര്‍ന്ന് NWA 16788 എന്ന ശില ഭൂമിയില്‍ പതിച്ചെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം. കൂട്ടിയിടിയുടെ ശക്തിയില്‍ ശിലയുടെ കുറേ ഭാഗങ്ങള്‍ ഗ്ലാസിന് സമാനമായി രൂപാന്തരം പ്രാപിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ശിലയുടെ ഉപരിതലത്തിലാണ് മിനുസമേറിയ ഭാഗം ദൃശ്യമായിട്ടുള്ളത്.
ഉല്‍ക്കാശില ലേലത്തില്‍ വിറ്റതിനെ ചൊല്ലി ശാസ്ത്രലോകത്തും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ലേലത്തില്‍ വില്‍ക്കുകയായിരുന്നില്ല, മറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വിശദമായ പഠനത്തിനായി സംഭാവന ചെയ്യണമായിരുന്നുവെന്നും മ്യൂസിയത്തില്‍ സൂക്ഷിക്കണമായിരുന്നുവെന്നും ചിലര്‍ വാദിക്കുന്നു. ഇതാദ്യമായല്ല ചൊവ്വയില്‍ നിന്നുള്ള വസ്തുക്കള്‍ ലേലത്തില്‍ എത്തുന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതും. 2021 ഫെബ്രുവരിയില്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ലഭിച്ചതെന്ന് കരുതുന്ന മറ്റൊരു ശില രണ്ട് ലക്ഷം ഡോളറിനാണ് ലേലത്തില്‍ പോയത്.