ടോക്കിയയിലെ ടൊയോസു ഫിഷ് മാർക്കറ്റിൽ 2026 ലെ പുതുവത്സര ലേലത്തില്‍ ഒരു മീന്‍ വിറ്റുപോയത് 29.24 കോടി രൂപയ്ക്ക്. 243 കിലോഗ്രാം ഭാരമുള്ള ബ്ലൂഫിന്‍ ട്യൂണയ്ക്കാണ് ഈ വില ലഭിച്ചത്. ജപ്പാനിലെ പ്രശസ്തമായ 'സുഷി സൻമൈ' (Sushi Zanmai) റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമ കിയോഷി കിമുറയാണ് ഈ റെക്കോർഡ് തുകയ്ക്ക് മീനിനെ സ്വന്തമാക്കിയത്. 2019-ൽ മീന്‍ലേലത്തില്‍ താൻ തന്നെ സ്ഥാപിച്ച 33.4 കോടി യെന്നിന്‍റെ അതായത് ഏകദേശം 19 കോടി രൂപയുടെ റെക്കോർഡാണ് അദ്ദേഹം ഇത്തവണ തിരുത്തിക്കുറിച്ചത്.
‘ഇത്ര വലിയ തുകയാകുമെന്ന് ഞാൻ കരുതിയില്ല, ലേലം വിളിച്ചു തുടങ്ങിയപ്പോള്‍ വില പെട്ടെന്ന് കുതിച്ചുയരുകയായിരുന്നു," കിമുറ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും ഈ മീനിനെ സ്വന്തമാക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായാണ് താന്‍ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ വില നൽകിയാണ് വാങ്ങിയതെങ്കിലും, തന്‍റെ റെസ്റ്റോറന്റുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് സാധാരണ നിരക്കിൽ തന്നെ ഈ മത്സ്യം വിഭവമായി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വടക്കൻ ജപ്പാനിലെ 'ഓമ' തീരത്തുനിന്നാണ് ഈ മികച്ചയിനം ബ്ലൂഫിൻ ട്യൂണയെ പിടികൂടിയത്. ജപ്പാനിലെ ഏറ്റവും ഗുണമേന്മയുള്ള ട്യൂണ ലഭിക്കുന്നത് ഇവിടെനിന്നാണെന്നാണ് കരുതപ്പെടുന്നത്. ലേലത്തിന് മുൻപായി മീനിന്‍റെ വാല് മുറിച്ചുമാറ്റി മാംസത്തിന്റെ നിറം, കൊഴുപ്പ്, ഘടന എന്നിവ വ്യാപാരികൾ സൂക്ഷ്മമായി പരിശോധിച്ചിരുന്നു.
അമിതമായ മീൻപിടുത്തം കാരണം ഒരുകാലത്ത് വംശനാശഭീഷണി നേരിട്ടിരുന്നവയാണ് പസഫിക് ബ്ലൂഫിൻ ട്യൂണകൾ. എന്നാൽ കൃത്യമായ നിയന്ത്രണങ്ങളിലൂടെയും സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ഇവയുടെ എണ്ണം ഇപ്പോൾ വർധിച്ചുവരുന്നത് ശുഭസൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.