കാസർകോട് കേരള ബാങ്കിൻറെ ജപ്തി ഭീഷണിക്ക് മുമ്പിൽ വിറങ്ങലിച്ച് ഒരു കുടുംബം. ഭിന്നശേഷിക്കാരനായ കുട്ടി രോഗം മൂർച്ഛിച്ചു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ജപ്തി ഭീഷണി. അപകടവും രോഗങ്ങളും മൂലം വരുമാനം നിലച്ച കുടുംബം തെരുവിലേക്ക് ഇറങ്ങിയാൽ ചികിത്സയിലുള്ള കുട്ടിയുടെ ജീവൻ തന്നെ ആപത്തിലാകും.
2014 ലാണ് മടിക്കൈ സ്വദേശി ഏലിയാമ്മ തോമസ് വീട് നിർമിക്കാൻ മൂന്നുലക്ഷം വായ്പയെടുക്കുന്നത്. ഗഡുക്കളായി 240,000 കൈപ്പറ്റി. 60,000 രൂപ ലഭിക്കാനുണ്ടെന്ന വിശ്വാസത്തിൽ ബോർവെൽ തൊഴിലാളിയായ അയൽക്കാരന്റെ സഹായത്താൽ കുഴൽ കിണർ അടിച്ചു. ഇയാൾക്ക് നൽകാനായി പണം ആവശ്യപ്പെട്ടപ്പോൾ ബാങ്ക് നിഷേധിച്ചു.
മീൻ വിറ്റ് ലഭിക്കുന്ന വരുമാനത്തിൽ അയൽവാസിയുടെ കടം തീർത്തു. പിന്നാലെ രോഗങ്ങളും അപകടങ്ങളും മൂലം വരുമാനം നിലച്ചു. അസുഖബാധിതരായ ഭർത്താവിനും മകനും പുറമേ മകൻറെ ഇളയ കുട്ടി ശാരീരിക വൈകല്യങ്ങളുടെയാണ് ജനിച്ചത്. ഇതോടെ കുടുംബത്തിന്റെ താളം തെറ്റി. സംസാരിക്കാനോ കേൾക്കാനോ കാണാനോ കഴിയാത്ത കുട്ടി കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇതിനിടെയാണ് കേരള ബാങ്കിൻറെ കണ്ണില്ലാത്ത ക്രൂരത. ഇരുപത്തിരണ്ടാം തീയതിക്കുള്ളിൽ വീട് ഒഴിയണമെന്ന് നോട്ടീസ്. ഗുരുതര വൈകല്യമുള്ള കുട്ടിയുമായി തെരുവിലേക്ക് ഇറങ്ങിയാൽ കുട്ടിയുടെ ജീവൻ ആപത്തിലാകും.
പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്. സാവകാശം ആവശ്യപ്പെട്ട് ഏലിയാമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചെങ്കിലും ഫലമില്ല. സുമനസ്സുകൾ സഹായിക്കും എന്ന് പ്രതീക്ഷ മാത്രമാണ് ഇവരെ കൂട്ട ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
സഹായത്തിന്
Kerala Gramin Bank, EALIYAMMA THOMAS, ACC NUM: 40518100011690, IFSC: KLGB0040518