വായുവിലൂടെ പറന്ന് സോഫ; കാഴ്ച കണ്ട് അമ്പരന്ന് ജനത

ശക്തമായ കൊടുങ്കാറ്റിൽ ആകാശത്തേക്ക് പറന്നുയർന്ന് സോഫ. തുർക്കിയിലെ അങ്കാറയിലാണ് സംഭവം. ശക്തമായി വീശിയടിച്ച കാറ്റിലാണ് കെട്ടിടത്തിനുള്ളിൽ നിന്ന് സോഫ പുറത്തേക്ക് പറന്നുയർന്നത്. രണ്ടാളുകൾ ശ്രമിച്ചാൽ മാത്രം മാറ്റാൻ പറ്റുന്ന സോഫയാണ് തനിയെ വായുവിലൂടെ ഏറെ ദൂരം പറന്നു നീങ്ങിയത്.  കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ. 

 കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന നഗരവാസികളിൽ ഒരാളുടെ ക്യാമറയിലാണ് ഈ അപൂർവ കാഴ്ച പതിഞ്ഞത്. വിഡിയോ തുടങ്ങുമ്പോൾ കെട്ടിടത്തിൽ നിന്ന് എന്തോ ഒരു വസ്തു പറന്നു നീങ്ങുന്നതായി മാത്രമാണ് തോന്നുക. തുണികഷ്ണമാണ് പറന്ന് നീങ്ങുന്നതെന്ന് തോന്നിയെങ്കിലും കുറച്ച് നിമിഷങ്ങൾക്കുശേഷമാണ് അതൊരു സോഫയാണെന്ന് മനസിലാക്കാൻ സാധിച്ചത്. . ക്യാമറ അല്പം കൂടി സൂം ചെയ്തതോടെ സോഫ  പറക്കുന്ന ദൃശ്യങ്ങൾ വ്യക്തമാവുകയും ചെയ്തു.

സോഫ പറന്ന് അല്പ സമയത്തിനകം തന്നെ  അകലെയുള്ള മറ്റൊരു കെട്ടിടത്തിന് സമീപത്ത് ചെന്ന് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കെട്ടിടത്തിനുള്ളിലെ ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മെയ് 17നാണ് അങ്കാറയിൽ ഒട്ടേറെ നാശനഷ്ടങ്ങൾ വിതച്ച കൊടുങ്കാറ്റ് ഉണ്ടായത്. ഇത്രയും ശക്തമായ  കൊടുങ്കാറ്റ് ആദ്യമായാണ് നേരിൽ കാണുന്നതെന്നാണ് അങ്കാറയിലെ ജനങ്ങൾ  വ്യക്തമാക്കിയത്. 

ഒരു സോഫയെ ഇത്രയും ദൂരത്തേക്ക് പറത്തിക്കൊണ്ടു പോകാൻ തക്ക ശക്തിയുള്ള കാറ്റിനെ അവിടുത്തെ ജനങ്ങൾ എങ്ങനെ നേരിട്ടു എന്ന ആശങ്കയും ചിലർ വിഡിയോയുടെ താഴെ പങ്കുവയ്ക്കുന്നു. അതേസമയം എങ്ങനെയാണ് ഉയരമുള്ള കെട്ടിടത്തിൽ നിന്ന് സോഫ തടസ്സങ്ങളില്ലാതെ പുറത്തെത്തിയതെന്നാണ് മറ്റു ചിലരുടെ സംശയം. ഒരുപക്ഷേ ബാൽക്കണിയിലോ സിറ്റൗട്ടിലോ സ്ഥാപിച്ചിരുന്ന സോഫയാവാം ഇങ്ങനെ കാറ്റിൽ പറന്നതെന്നും പലരും മറുപടി നൽകുന്നുണ്ട്. അങ്കാരയിലെ കൊടുങ്കാറ്റിന്റേയും കനത്ത മഴയുടേയും വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നേരത്തേയും പ്രദേശവാസികൾ പങ്കുവച്ചിരുന്നു.

sofa flying through the sky during storm video goes viral