മോശം കാലാവസ്ഥ; ആടിയുലഞ്ഞ് റണ്‍വേ തൊട്ട് വിമാനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

മോശം കാലാവസ്ഥയെയും വീശിയടിച്ച കാറ്റിനെയും തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ആടിയുലഞ്ഞ് ലാന്‍ഡിങ് നടത്തുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ലൊസാഞ്ചലസിൽ നിന്ന് ലണ്ടനിലെത്തിയ ബോയിങ് 777 വിമാനമാണ് കാറ്റില്‍പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. യുകെയിലുടനീളം വീശിയടിച്ച ഗെരിറ്റ് കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് വിമാനം ആടിയുലഞ്ഞത്. ഇടത് വശത്തേക്ക്, ഭയപ്പെടുത്തുന്ന തരത്തിൽ വിമാനം ചെരിയുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ പത്തു സെക്കന്‍റോളം ആടിയുലഞ്ഞ വിമാനത്തെ റണ്‍വേ തൊടുന്നതിന് തൊട്ടുമുന്‍പ് സ്ഥിരപ്പെടുത്താന്‍ പൈലറ്റിന് കഴിഞ്ഞതിനാല്‍ വിമാനം സുരക്ഷിതമായി താഴെയിറക്കാന്‍ സാധിച്ചു. നാടകീയമായ ലാൻഡിംഗ് ആയിരുന്നെങ്കിലും യാത്രക്കാര്‍ക്ക് പരുക്കുകളോ വിമാനത്തിന് കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് ഫോക്സ് ബിസിനസ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് അമേരിക്കൻ എയർലൈൻസ് ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗെരിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയുമെല്ലാം ബാധിച്ചിട്ടുണ്ട്.

An American Airlines flight from Los Angeles to London experienced a turbulent landing at London's Heathrow Airport.