അമേരിക്കന്‍ യാത്രാവിമാനം ലാന്‍ഡിങിന് പിന്നാലെ തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സീറ്റില്‍ –ടകോമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ലാന്‍ഡിങിന് പിന്നാലെ ടെര്‍മിനലിലെ ഇലക്ട്രിക് ഭാഗത്തേക്ക് ഇടിച്ചു കയറിയതോടെയാണ് വിമാനത്തിന്റെ മുന്‍ഭാഗത്ത് തീപിടിച്ചത്. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ–321 ആണ് അപകടത്തില്‍പ്പെട്ടത്. ആളപായം ഇല്ല.
വിമാനത്തിന്റെ മുന്‍ഭാഗത്ത് നിന്നും തീയും കറുത്ത പുകയും ഉയരുന്നതിന്റെയും ആളുകള്‍ കൂട്ടത്തോടെ എമര്‍ജന്‍സി വാതിലുകള്‍ വഴിയും ചിറകുകളിലൂടെയും പുറത്തേക്ക് ഓടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തീ പിടിച്ചയുടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കുന്നതിനുള്ള നടപടികള്‍ വിമാന ജീവനക്കാര്‍ ആരംഭിച്ചുവെങ്കിലും പരിഭ്രാന്തരായ യാത്രക്കാര്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനച്ചിറകുകളിലൂടെ ഓടിയിറങ്ങുകയായിരുന്നു.
കണക്ഷനിലെ തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന്റെ മുന്‍ഭാഗത്ത് കോക്പിറ്റിന് താഴെയായി തീപിടിത്തമുണ്ടായതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. 189 യാത്രക്കാരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നില്‍ രണ്ടുഭാഗം പേരും എമര്‍ജന്‍സി വാതിലുകളിലൂടെയാണ് പുറത്തിറങ്ങിയത്. മറ്റുള്ളവര്‍ ഇടനാഴിയിലൂടെയും പുറത്തിറങ്ങി.
തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഫലപ്പദമായി തടയാന്‍ കഴിഞ്ഞുവെന്നും യാത്രക്കാരെ പുറത്തിറക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചിലര്‍ക്ക് നിസാര പരുക്കുകളേറ്റുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആരെയും ആശുപത്രിയില്‍ പ്രവേശിപ്പേക്കണ്ട സാഹചര്യം വന്നില്ല. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാരെ ,സുരക്ഷിതമായി വിമാനത്താവളത്തിനകത്തേക്ക് എത്തിക്കുകയായിരുന്നു.