തയ്യിപ് എര്‍ദൊഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്‍റ്

സാമ്പത്തിക പ്രതിസന്ധി, ഭൂകമ്പ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍ തുടങ്ങിയ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് തയ്യിപ് എര്‍ദൊഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുനേടിയാണ് എര്‍ദോഗന്‍റെ വിജയം. രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള എര്‍ദൊഗാന്, കമാല്‍ കിലിച്ദാറുലു കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്.

പതിനാലിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടുനേടാനാകാത്തതിനെത്തുടര്‍ന്നാണ് രണ്ടാം ഘട്ടതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. 52.14 ശതമാനം വോട്ടുകളുമായി എര്‍ദൊഗാന്‍ ഒന്നാമതെത്തി. ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ, നേഷന്‍ അലയന്‍സ്  സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറുലു 47.86 ശതമാനം വോട്ടു നേടി. നാലാം തവണയാണ് കമാല്‍, എര്‍ദൊഗാനോട് തോല്‍ക്കുന്നത്. 600 അംഗ പാര്‍ലമെന്‍റിലെ 267 സീറ്റുകള്‍ എര്‍ദൊഗാന്‍റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി സ്വന്തമാക്കിയിരുന്നു.റഷ്യ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും പ്രതിപക്ഷം തിരഞ്ഞെടുപ്പ്കാലത്ത് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി പദവി ഒഴിവാക്കി പ്രസിഡന്റ് സര്‍ക്കാര്‍ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017ലാണ് തുര്‍ക്കി മാറിയത്. 

Tayyip Erdogan became the president of Turkey again