തുര്‍ക്കി ഇന്ന് പോളിങ് ബൂത്തിലേക്ക്; എര്‍ദോഗന് കടുത്ത വെല്ലുവിളി

വാശിയേറിയ പ്രചാരണത്തിനൊടുവല്‍ തുര്‍ക്കി ഇന്ന് പോളിങ് ബൂത്തിലേക്ക്. 20 വര്‍ഷമായി അധികാരം കയ്യാളുന്ന തയിപ് എര്‍ദോഗന് പ്രതിപക്ഷ സഖ്യം ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം പാര്‍ലമെന്റിലേക്കുള്ള വിധിയെഴുത്തും ഇന്നാണ്. 

സാമ്പത്തിക പ്രതിസന്ധി, ഭൂകമ്പ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍, റഷ്യ– യുക്രെയ്ന്‍ യുദ്ധം.... തുര്‍ക്കി തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ ഏറെയാണ്. രണ്ടുപതിറ്റാണ്ടിയ ഭരണം കയ്യാളുന്ന റസിപ് തയിപ് എര്‍ദോഗന്‍ ഒരുവശത്തും ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ നേഷന്‍ അലയന്‍സ് മറുവശത്തും. കമാല്‍ കിലിച്ദാറുലുവാണ് പ്രതിപക്ഷ കൂട്ടായ്മയുടെ സ്ഥാനാര്‍ഥി. അഭിപ്രായ വോട്ടെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യത്തിന്  നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുമുണ്ട്. രാജ്യത്ത് സമാധാനവും ജനാധിപത്യവും പുനസ്ഥാപിക്കുമെന്നാണ് കമാല്‍ കിലിച്ദാറു ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. 

അടുത്തിടെയുണ്ടായ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്നതടക്കമുള്ള ആരോപണങ്ങളും എര്‍ദോഗന്‍ നേരിടുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി എര്‍ദോഗനുള്ള അടുത്ത ബന്ധവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്. റഷ്യ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോപമങ്ങള്‍ തള്ളിക്കളഞ്ഞ എര്‍ദോഗന്‍ ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ തല ഉയര്‍ത്തി നിര്‍ത്താന്‍ പ്രാപ്തമാക്കിയെന്നാണ് അവകാശപ്പെടുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം 600 അംഗ പാര്‍ലമെന്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. രാത്രിയോടെ ഫലം അറിഞ്ഞുതുടങ്ങും.

Turkey to vote in crucial election today