തുര്‍ക്കിയില്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ചാവേറാക്രമണം; 4 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ ചാവേറാക്രമണത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. മന്ത്രിസഭായോഗം തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് ആക്രമണമുണ്ടായതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വാഹനത്തിലെത്തിയ ഭീകരര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലെത്തുകയും ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭീകരനെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയെന്നും ആഭ്യന്തരമന്ത്രി അലി യെറില്‍കയ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. അവസാനത്തെ ഭീകരനെയും ഇല്ലായ്മ ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചാവേറാക്രമണത്തിന് പിന്നില്‍ ഏതെങ്കിലും പ്രത്യേക സായുധ വിഭാഗമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആഭ്യന്തര മന്ത്രി സ്ഥലം സന്ദര്‍ശിച്ച്് മടങ്ങി. തുര്‍ക്കിയിലെ പ്രധാന ഇടങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അങ്കാറയിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.

ഇസ്താംബൂളില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 81 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2022 ലെ ഭീകരാക്രമണത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ ചാവേറാക്രമണം ഉണ്ടായിരിക്കുന്നത്.  

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

bomb-attack-at-turkey