100 മണിക്കൂര്‍ മാരത്തണ്‍ പാചകം; ലോക റെക്കോര്‍ഡ് സ്വന്തമാക്കി നൈജിരിയന്‍ ഷെഫ്

പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ എത്ര മണിക്കൂര്‍ നിങ്ങള്‍ക്ക് പാചകം ചെയ്യാനായി ചെലവഴിക്കാനാവും? 100 മണിക്കൂര്‍‌ തുടരെ പാചകം എന്നത് ചിന്തിക്കാനാവുമോ? എന്നാല്‍ 100 മണിക്കൂറെടുത്ത് ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ് നൈജിരിയയില്‍ നിന്നുള്ള ഷെഫ് ഹില്‍ഡ ബാസി. 

ഇതോടെ ഏറ്റവും കൂടുതല്‍ മണിക്കൂര്‍ ഒറ്റയ്ക്ക് പാചകം ചെയ്തതിന്റെ ലോക റെക്കോര്‍ഡ് ഹില്‍ഡ ബാസിയുടെ പേരിലേക്ക് എത്തും. ലാഗോസ് നഗരത്തിലെ ഷെഫായ ഹില്‍ഡയുടെ മാരത്തണ്‍ പാചകം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. അവസാനിച്ചത് തിങ്കളാഴ്ചയും. മാരത്തണ്‍ കുക്കിങ്ങിലൂടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഹില്‍ഡയെ നൈജിരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയും അഭിനന്ദിച്ചു. 

പ്രാദേശിക, വിദേശ വിഭവങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസം നീണ്ടു നിന്ന പാചകത്തിലൂടെ ഇന്ത്യന്‍ ഷെഫ് ലത ടോണ്ടോയുടെ റെക്കോര്‍ഡ് ആണ് ഹില്‍ഡ മറികടന്നത്. 2019ല്‍ 87 മണിക്കൂറും 45 മിനിറ്റുമാണ് ലത പാചകം ചെയ്തത്.