
കാല്‍നൂറ്റാണ്ടോളം വീട്ടിലെ സകല ജോലിയും ശമ്പളമില്ലാതെ ചെയ്തതിനുള്ള നഷ്ടപരിഹാരമായി ഒന്നേമുക്കാല്‍ക്കോടി രൂപ വീട്ടമ്മയ്ക്ക് നല്‍കാന്‍ മുന്‍ ഭര്‍ത്താവിനോട് ഉത്തരവിട്ട് കോടതി. സ്പെയിനിലെ കോടതിയാണ് ഇവാനയെന്ന യുവതിക്ക് അതിവേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. പ്രതിദിന ജോലിക്കുള്ള ഏറ്റവും കുറഞ്ഞ വേതനം കണക്കാക്കിയാണ് ഈ തുക. വിവാഹമോചനത്തിനുള്ള സെറ്റില്‍മെന്റ് തുകയായി ഇത് നല്‍കും.
വീട്ടുജോലികള്‍ താന്‍ നോക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധമായിരുന്നുവെന്നും മറ്റൊരു ജോലിക്കും പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും ഇവാന കോടതിയില്‍ മൊഴി നല്‍കി. ജിം നടത്തിപ്പായിരുന്നു ഇവാനയുടെ മുന്‍ ഭര്‍ത്താവിന്റെ ജോലി. ജിം ബിസിനസിൽ നിന്നും സമ്പാദിച്ച പണംകൊണ്ട് പോർഷെ, റെയിഞ്ച് റോവർ, ബിഎംഡബ്ല്യു തുടങ്ങിയ വൻകിട കമ്പനികളുടെ വാഹനങ്ങളും 70 ഹെക്ടർ ഒലിവോയിൽ ഫാമും ഇവാനയുടെ മുൻ ഭർത്താവ് സ്വന്തമാക്കിയിരുന്നു. ഇവയുടെ വില മതിപ്പ് 4.2 മില്യൻ ഡോളറാണെന്നാണ് (34.71 കോടി രൂപ) കണക്കാക്കിയിരിക്കുന്നത്.
സ്വന്തം സ്വപ്നങ്ങളും താല്‍പര്യവും ബലികഴിച്ച് ഇവാന വീട്ടിലെ കാര്യങ്ങള്‍ നോക്കിയത് കൊണ്ടാണ് ഭര്‍ത്താവിന് ബിസിനസ് സംരംഭങ്ങള്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞതെന്നും പണം സമ്പാദിക്കാന്‍ കഴിഞ്ഞതുമെന്ന വാദം കോടതി ശരിവച്ചു. വീട്ടുകാര്യങ്ങള്‍ തനിച്ച് നോക്കി നടത്തിയതിനാലാണ് ഇവാനയ്ക്ക് മറ്റൊരു ജോലിക്ക് പോകാന്‍ സാധിക്കാതിരുന്നതെന്ന് കോടതിയും ചൂണ്ടിക്കാട്ടുന്നു. വീട്ടുകാര്യങ്ങള്‍ ഇവാന നോക്കിയിരുന്നുവെങ്കിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ല. യാതൊരു സമ്പാദ്യവും ഇവാനയ്ക്ക് ഉണ്ടായതുമില്ല.
1.75 cr rupees as compensation for household work; verdict