ചൊവ്വയില്‍ ‘കരടിപ്പാറ’; ചിത്രം പുറത്തുവിട്ട് നാസ; കൗതുകം; ചര്‍ച്ചകള്‍

അന്യഗ്രഹങ്ങളിലെ കാഴ്ചകളിലേക്കുള്ള മനുഷ്യരുടെ കൗതുകങ്ങള്‍ അവസാനിക്കുന്നില്ല. അത്രയൊന്നും പരിചിതമല്ലാത്ത അവിടങ്ങളിലെ വസ്തുക്കളില്‍ പരിചിതമുഖങ്ങള്‍ തേടിപ്പോകുന്നതും ശാസ്ത്രകൗതുകങ്ങളു‌ടെ ഭാഗമാണ്. ഇപ്പോള്‍ ചൊവ്വയിലെ പാറക്കൂട്ടങ്ങളില്‍ കരടിമുഖത്തോട് സമാനമായൊരു കാഴ്ച  പകര്‍ത്തിയിരിക്കുകയാണ് നാസ. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നാണ് ഈ ചിത്രം പതിഞ്ഞിരിക്കുന്നത്.

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയിലാണ് ചിത്രം പതിഞ്ഞത്. സൂക്ഷിച്ചുനോക്കുമ്പോള്‍ കരടിയുടെ ഛായ തെളിയുന്നതായി തോന്നുന്നുവെന്ന് HiRISe ബ്യൂട്ടിഫുള്‍ മാര്‍സ് (നാസ) ആണ് ട്വീറ്റ് ചെയ്തത്. പിന്നീട്  ഈ ചിത്രം നെറ്റിസണ്‍സ് ഏറ്റെടുത്തു. കരടിയുടെ കണ്ണുകളോട് സമാനമായത് രണ്ട് ഗര്‍ത്തങ്ങളും വി ആകൃതിയില്‍ മൂക്ക് പോലെയിരിക്കുന്ന ഇടിവും തലയ്ക്ക് സമാനമായി വൃത്താകൃതിയിലുള്ള ഒടിവും ആകാമെന്നാണ് അരിസോണ സർവകലാശാലയുടെ വിലയിരുത്തല്‍

കരടിയുടെ മൂക്ക് പോലുള്ള ഘടന അഗ്നിപർവ്വതമോ ചെളി ദ്വാരമോ ആയിരിക്കാമെന്നും  ഗർത്തത്തിന് മുകളിൽ ലാവയോ ചെളിയോ അടിഞ്ഞതാണ് വൃത്താകൃതിയിലുള്ള ഒടിവുണ്ടാകാന്‍ സാധ്യതയെന്നുമുള്ള ഗവേഷകരുടെ നിഗമനം സര്‍ലകലാശാല പ്രസ്താവനയില്‍ പങ്കുവെച്ചു. മുന്‍പും ഇത്തരത്തില്‍ വിചിത്രരൂപങ്ങളു‌ടെ കാഴ്ചകള്‍ ചൊവ്വയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.