‘അടിക്കണക്കിന് കട്ടൗട്ട്, ടീഷർട്ട്, അടി കൊണ്ട് ആശുപത്രിയിൽ’; മുത്തശ്ശിയോട് എന്ത് പറയും?

‘മരുഭൂമിയിലെ നട്ടുച്ച നേരം. ഖത്തർ സമയം ഒന്നര. അറേബ്യൻ ചൂടിൽ വിരിഞ്ഞ സൗദി അറേബ്യ വെയിലത്ത്‌ വാടി കരിഞ്ഞു പോയ മെസ്സി പട. ലോകകപ്പിൽ ഏഷ്യൻ ഗർജ്ജനം.. അർജന്റീനയെ കരിച്ചു പുകയിച്ചു കളഞ്ഞു സൗദി പടയാളികൾ.., ദൈവത്തിന്റെ പോരാളികൾ തോറ്റു കൊണ്ടേ തുടങ്ങാറുള്ളു. എന്തൊക്കെ മേളമായിരുന്നു.. അടിക്കണക്കിന് കട്ടൗട്ട്, ടീഷർട്ട്, ബാനർ.. അടി െകാണ്ട് ആശുപത്രിയിൽ.. ഒടുവിൽ‌ പടക്കകട ഗുദാ ഹവാ..’ 

അങ്ങനെ തലങ്ങും വിലങ്ങും കമന്റും ട്രോളും പോസ്റ്റുമിട്ട് ആഘോഷിക്കുകയാണ് അർജന്റീനയുടെ എതിരാളികൾ. കേരളത്തിൽ നിന്നും കളി കാണാൻ പോയ ഷാഫി പറമ്പിലിനെയും ടീമിനെയും കേരളത്തിലിരുന്ന് വി.ടി ബൽറാമും നൈസായി ട്രോളി. ‘എന്നാലും നുമ്മ 'അര' തന്നെയാണ് ഭായ്..’ എന്നാണ് ഷാഫിയുടെ മറുപടി.

ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിൽ. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചും സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.