അബ്ദുൽ റഹീമിന്റെ മടക്കംകാത്ത് നാട്; 34 കോടി രൂപ ഉടന്‍ കൈമാറും

വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനായി ശേഖരിച്ച 34 കോടി രൂപ കൈമാറാൻ പ്രാരംഭ നടപടി തുടങ്ങി. വിദേശകാര്യ മന്ത്രാലയത്തിന്റെയും സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് പണം കൈമാറുക. മകനെ കണ്ടാലേ സന്തോഷമാവുകയുള്ളൂ എന്ന് റഹീമിന്റെ ഉമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം കോടമ്പുഴയിലെ വീട്ടിലേക്ക് സന്ദർശകർ എത്തുന്നത് തുടരുകയാണ്.

34 കോടി രൂപ രണ്ട് അക്കൗണ്ടുകളിലാണ് നിലവിലുള്ളത്. ഇത് ഉടനെ തന്നെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ച ആയിരിക്കും പണം കൈമാറ്റം ചെയ്യുക. വിദേശകാര്യമന്ത്രാലയം ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും . സൗദി കോടതിയുടെ മേൽനോട്ടവും ഉണ്ടാകും. സ്പോൺസറുടെ കുടുംബം പണം സ്വീകരിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറന്നതിനു ശേഷമാകും തുക കൈമാറുക. 34 കോടിക്ക് പുറമേ ശേഷിക്കുന്ന 45 ലക്ഷം രൂപയുടെ കാര്യത്തിൽ നിയമവിധേയമായി നടപടി സ്വീകരിക്കുമെന്നാണ് അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിക്കുന്നത്. ഒരു മാസത്തിനുള്ളിൽ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൺ നിറയെ കാണാൻ കാത്തിരിപ്പാണ് ഉമ്മ

പ്രമുഖ മുസ്ലിം മതപണ്ഡിതരായ മഅദിൻ ചെയർമാൻ ഖലീലുൽ ബുഖാരി തങ്ങൾ, സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ എന്നിവർ ഇന്ന് വീട്ടിലെത്തി. കേരളത്തിനെതിരായി ചിലർ ഉയർത്തുന്ന ആരോപണങ്ങൾക്കുള്ള മറുപടിയാണ് 34 കോടി രൂപ എന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.  കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനും വീട്ടുകാരെ സന്ദർശിച്ചു.

അതേസമയം, സൗദി അറേബ്യയിലെ സ്പോൺസറുടെ മകന്റെ മരണമാണ് റഹീമിനെ ജയിലഴിക്കുള്ളിൽ ആക്കിയത്. ഭിന്നശേഷിക്കാരനായ സൗദി ബാലന്റെ ജീവൻ നിലനിർത്തിയിരുന്ന യന്ത്രം റഹീമിന്റെ കൈ തട്ടി തകരാറിലായി കുട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. 2006 നവംബറിലാണ് റഹിം ആദ്യമായി സൗദി അറേബ്യയിലേക്ക് പോകുന്നത്. 26 വയസ്സായിരുന്നു . ഹൗസ് ഡ്രൈവർ ആയിട്ടായിരുന്നു ജോലി. സൗദി പൗരനായ സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

തലയ്ക്കു താഴെ ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരൻ ആയ കുട്ടിയെ വാഹനത്തിൽ കൊണ്ടുപോയിരുന്നത് റഹീം ആയിരുന്നു. കുട്ടിക്ക് ഭക്ഷണവും വെള്ളവും അടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിലൂടെയാണ്. റഹീം കുട്ടിയെ ഇടക്ക് വീൽചെയറിലും പുറത്തുകൊണ്ടു പോകാറുണ്ടായിരുന്നു. ജോലിയിൽ പ്രവേശിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് റഹീമിന്റെ ജീവിതം മാറിമറിയുന്നത്. 2006 ഡിസംബർ 24 ന് ആയിരുന്നു സംഭവം. കാറിൽ സഞ്ചരിക്കവേ സിഗ്നൽ തെറ്റിച്ച് പോകാൻ പറഞ്ഞ് വഴക്കിട്ട കുട്ടി അബ്ദുൽ റഹീമിനെ നേരെ തുപ്പി. ഇത് തടയുന്നതിനിടയിൽ കഴുത്തിലെ ജീവൻ രക്ഷാ ഉപകരണത്തിൽ കൈ തട്ടുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പിന്നാലെ ഉപകരണം കേടായി ബോധരഹിതനായ കുട്ടി മരിക്കുകയായിരുന്നു.

സംഭവം പൊലീസിൽ അറിയിച്ചതോടെ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി കോടതി മൂന്ന് തവണയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു. സ്പോൺസറുടെ കുടുംബം ഒരു ഘട്ടത്തിൽ പോലും റഹീമിന് മാപ്പു നൽകാൻ തയ്യാറായിരുന്നില്ല. ഇതാണ് വധശിക്ഷയിലേക്ക് എത്താൻ കാരണം. ഒടുവിൽ ഒന്നരമാസം മുൻപാണ് ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം അറിയിക്കുന്നത്. ഇതിനുശേഷമാണ് ട്രസ്റ്റ് രൂപീകരിച്ച ഗൾഫിലും നാട്ടിലുമായി മുൻപെങ്ങും കാണാത്ത വിധമുള്ള രക്ഷാദൗത്യം നടത്തിയത്.

Rs 34 crore raised for release of Kerala man jailed in Saudi Update