നാടിന്റെ സ്വപ്ന സുന്ദരി; പെൺകുട്ടികളെ കണ്ടാൽ പിറകെ പോകും; ഓർമയായി ‘രംഭ’

File Photo

പള്ളിക്കത്തോട്: ഒരു നാടിന്റെ സ്വപ്ന സുന്ദരി ആയി ആരാധകരെ സൃഷ്ടിച്ച ‘രംഭ’ ഓ‍ർമയായി. ആനിക്കാട്, മുക്കാലി, കോത്തല പ്രദേശങ്ങളിൽ ആരാധകർ ഏറെയുള്ള പിടിയാന ആയിരുന്നു രംഭ. കാൽ നൂറ്റാണ്ടുകാലം പ്രദേശത്തു യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഏത് വീട്ടിലും കയറി ചെല്ലാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നവൾ. ഏതാനും വർഷം മുൻപ് കുമളിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിനു വേണ്ടി അവളെ ഉടമ വിറ്റപ്പോൾ കണ്ണീരണി‍ഞ്ഞാണു നാട് ആ വിവരം ഉൾക്കൊണ്ടത്. കുമളിയിലെ കൽപക വനം വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം രംഭ ചരിഞ്ഞത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പോസ്റ്റ് മോർട്ടം നടത്തി.

സുന്ദരികളെ കണ്ടാൽ രംഭ പിറകെ പോകും

പെൺകുട്ടികളെ കണ്ടാൽ രംഭ ഇഷ്ടം കൂടി പിറകെ നടന്നിരുന്നു. അവർ വിളിച്ചാൽ ശബ്ദം പുറപ്പെടുവിച്ചു തല കുലുക്കി ഓടി എത്തുകയും ചെയ്തിരുന്നതായി രണ്ട് പതിറ്റാണ്ട് കാലം രംഭയുടെ പാപ്പാൻ ആയിരുന്ന ആനിക്കാട് കാര്യാട്ട് ബേബി പറഞ്ഞു. 18 നഖം, അഴകുള്ള ചെവി, വായ് കൊമ്പ്, നടഅമരം, മനോഹരമായ വാൽ, കൈ നീളം എന്നിവയെല്ലാം രംഭയുടെ പ്രത്യേകത ആയിരുന്നുവെന്നും ബേബി പറഞ്ഞു. കുട്ടികളും സ്ത്രീകളും എന്തു  കൊടുത്താലും വാങ്ങി കഴിക്കും.

തോട്ടയ്ക്കാട് കുരുവിക്കാട്ട് ഗോപാലൻ നായരായിരുന്നു ആനയുടെ ആദ്യ ഉടമ. കോന്നിയിൽ നിന്നു ചെറുപ്പത്തിൽ എത്തിച്ചതാണ് രംഭയെ. കോത്തല സ്വദേശി നീലകണ്ഠ പിള്ളയായിരുന്നു ആദ്യ പാപ്പാൻ. പിന്നീട് ഓമന, ശശി, ബേബി എന്നിവർ പാപ്പാൻമാരായി. ഇവരുടെ കൂടെ കൂരോപ്പട, പള്ളിക്കത്തോട് പ്രദേശങ്ങളിലായിരുന്നു രംഭയുടെ വാസം. മുക്കാലി ചപ്പാത്തിനു സമീപമായിരുന്നു സ്ഥിരമായി കെട്ടിയിരുന്നത്. രംഭ പടി എന്നു വരെ ആളുകൾ ആ സ്ഥലത്തെ വിളിച്ചിരുന്നതായി പ്രദേശവാസി രഞ്ജിത്ത് മുക്കാലി പറഞ്ഞു.