ആനകളുടെ 6 മീറ്റർ പരിധിയിൽ ചെണ്ടമേളം, തീവെട്ടിയടക്കം ഒന്നും പാടില്ല: ഹൈക്കോടതി

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ആറ് മീറ്റർ പരിധിയിൽ ചെണ്ടമേളവും തീവെട്ടിയുമടക്കം ഒന്നും പാടില്ലെന്ന് ഹൈക്കോടതി. തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള മേൽനോട്ട ചുമതല ചീഫ് വൈൽഡ് ലൈഫ് വാർഡനെന്നും കോടതി പറഞ്ഞു. ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ ആളുകൾ പാടില്ലെന്ന വിവാദ സർക്കുലറിൽ വനം മന്ത്രി  വിശദീകരണം തേടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അഞ്ചുമീറ്റർ പരിധിയാണ്  പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടതെങ്കിലും ദൂരപരിധി ആറാക്കി നിജപ്പെടുത്തുകയായിരുന്നു ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും, പി.ഗോപിനാഥും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ആചാരപരമായ കാര്യമായതിനാൽ ഈ പരിധിക്കുള്ളിൽ കുത്തുവിളക്കിന് അനുമതിയുണ്ട്. കുടമാറ്റം അടക്കമുള്ള ആഘോഷങ്ങളെയും ദൂരപരിധി നിയന്ത്രണം ബാധിക്കില്ല. തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള മേൽനോട്ട ചുമതല ചീഫ് വൈൽഡ് ലൈഫ് വാർഡനെന്നും കോടതി വ്യക്തമാക്കി.  50 മീറ്റർ ചുറ്റളവിൽ ആളുകൾ പാടില്ലെന്ന വിവാദ സർക്കുലർ പിൻവലിച്ചതായി വനംവകുപ്പ് കോടതിയെ അറിയിച്ചു. കോടതി ഉത്തരവോടെ പൂരനടത്തിപ്പിലെ ആശങ്ക ഒഴിഞ്ഞതായി മന്ത്രി കെ.രാജൻ പ്രതികരിച്ചു 

വിവാദ സർക്കുലറിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച വാദത്തിനിടെ കാഴ്ചശക്തി കുറവുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എങ്ങനെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. 3 ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ 6 സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നൽകി. രാമചന്ദ്രനെ എഴുന്നള്ളിക്കണമെങ്കിൽ ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നാണ് കോടതി നിലപാട്.