കശുവണ്ടി അകത്താക്കി ആനകള്‍; നിസഹായരായി തൊഴിലാളികള്‍

കണ്ണൂർ ആറളം ഫാമിൽ കശുവണ്ടി പാട്ടത്തിന് എടുത്തവർ കശുവണ്ടിക്കായി ആന പിണ്ഡത്തിനു പിറകെ പോകണം. ഫാമിലെ കശുവണ്ടി എല്ലാം ആനകൾ തിന്നു തീർക്കുമ്പോൾ നിസഹായരാണ് തൊഴിലാളികളും. 200 മുതൽ 300 കിലോവരെ കശുവണ്ടിയാണ് പ്രതിദിനം ആനകൾ അകത്താക്കുന്നത്.

ആറളം ഫാമിൽ വിഹരിച്ചു നടക്കുന്ന കാട്ടാനകൂട്ടങ്ങൾക്ക് ഇപ്പോൾ പ്രിയം  കശുമാങ്ങ. ആനകളുടെ കശുവണ്ടി പ്രിയത്തിന് കൗതുകമുണ്ടെങ്കിലും കശുവണ്ടി പാട്ടത്തിന് എടുത്തവർക്ക് ഇതു ദുരിത കാലമാണ്. കശുവണ്ടി തേടി ഫാമിൽ എത്തുന്നവർ കാണുന്ന കാഴ്ച്ച ഇതാണ്. 

കശുവണ്ടി പാട്ടത്തിന് എടുത്തവർക്ക് കശുവണ്ടിക്കായി ആനയുടെ പിണ്ഡത്തിന് പിറകെ പോകേണ്ട അവസ്ഥ മാത്രമല്ല,  ആനയെ ഭയന്ന് കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്.

ഈ ദൃശ്യം പകർത്തിയത് കീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ ഫാം നേഴ്സറിക്ക് സമീപത്തു നിന്നാണ്. ഇരുപതോളം കാട്ടാനകൾ ഈ മേഖലയിൽ  മാത്രം വിഹരിക്കുന്നുണ്ട് . ആറളം ഫാമിന്റെ സാമ്പത്തിക ഭദ്രത തന്നെ നിലനിൽക്കുന്നത് ഫാമിനകത്തെ കശുവണ്ടിയുടെ വിളവ് അനുസരിച്ചാണ്. എന്നാൽ കശുമാവ് കുലുക്കിയുള്ള ആനകളുള്ള പരാക്രമം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ആരും കശുവണ്ടി പാട്ടത്തിന് എടുക്കാൻ തയ്യാറായി വരാത്തതിലേക്കും എത്തിച്ചേക്കാം.