ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണ; മുടി മുറിച്ച് പ്രതിഷേധിച്ച് ഗായിക: വിഡിയോ

ഇറാനിൽ ശക്തമാകുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തുർക്കിഷ് ഗായിക മെലെക് മോസ്സോ. പൊതുവേദിയിൽ വച്ച് മുടിമുറിച്ചാണ് ഗായിക ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. 

ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ മഹ്‌സ അമിനി എന്ന യുവതിയുടെ മരണത്തെത്തുടർന്നാണ് രാജ്യമാകെ ഹിജാബ് വിരുദ്ധ പ്രതിഷേധം കത്തിപ്പടർന്നത്. വെട്ടിയിട്ട മുടി പുറത്തുകണ്ടതോടെ ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ 24 കാരിയായ മഹ്‌സയെ ആക്രമിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ യുവതി മരിച്ചു. 

സംഭവത്തെ തുടർന്ന് രാജ്യമാകെ പ്രതിഷേധം വ്യാപകമായി. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ച സ്ത്രീകൾ പൊലീസിനു മുന്നിൽ ശിരോവസ്ത്രം കത്തിച്ചത് വലിയ വാർത്തയായിരുന്നു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ അന്ത്യകർമങ്ങൾക്കിടെ മുടി മുറിച്ച് യാത്രയയപ്പു നൽകിയ സഹോദരിയുടെ ദൃശ്യങ്ങളും ലോകമാകെ ചർച്ച ചെയ്യപ്പെട്ടു.